തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് ഇടപെടല്‍ വൈകിയതിന് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. ഒരു മാസത്തിനകം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
മണക്കാട് കൊഞ്ചിറവിള ഒരുക്കന്പിള്‍ വീട്ടില്‍ ഗിരീഷിന്റെ മകന് അനന്ദു ഗിരീഷിന്റെ (20) മൃതദേഹമാണ് കരമന ഇവിഎം ഷോറുമിന് സമീപത്തെ പൊന്തക്കാട്ടില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് തളിയില്‍ അരശുംമൂട് മാടന്‍കോവിലിന് സമീപത്തുനിന്ന് അനന്തുവിനെ ബൈക്ക് ഉള്‍പ്പെടെ ഒരു സംഘം യുവാക്കള്‍ തട്ടിക്കൊണ്ട് പോയത്. സംഭവ വിവരമറിയിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പോലീസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു. പൊലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.