തിരുവനന്തപുരം: കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര് പിടിയില്‍.കേസ് അന്വേഷണത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കൊറി സഞ്ജയ്കുമാർ ഗുരുഡിൻ ഐ പി എസ് പറഞ്ഞു. എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. ഇവര്‍ അന്യസംസ്ഥാനങ്ങളിലേക്ക് കടന്നതായാണ് പോലീസ് നിഗമനം. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഉത്സവത്തിനിടെ ഉണ്ടായ തര്‍ക്കമാണ് പ്രതികാരമായതെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചയാണ് മണക്കാട് കൊഞ്ചിറവിള ഒരുക്കന്പിള്‍ വീട്ടില്‍ ഗിരീഷിന്റെ മകന് അനന്ദുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഇടപെടല്‍ വൈകിയതിന് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തിരുന്നു. ഒരു മാസത്തിനകം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്.
അനന്ദുവിനെ തട്ടിക്കൊണ്ടുപോയ വിവരമറിയിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞ ശേഷമാണ് പോലീസ് എത്തിയതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചിരുന്നു. പോലീസ് തുടക്കത്തില്‍ അന്വേഷണത്തില്‍ സജീവമായിരുന്നില്ലെന്ന് യുവാവിന്റെ ബന്ധുക്കളും ആരോപിച്ചിരുന്നു.