ആടിയും പാടിയും “കാരംകോട് കുടുംബ സംഗമം” അവർ ആഘോഷമാക്കി.

1768

തിരുവനന്തപുരം : വെമ്പായം കാരംകോട് വീട്ടിൽ ഏതാണ്ട് അരനൂറ്റാണ്ട് മുൻപ് മരണപ്പെട്ട ‘കുറക്കോടൻ’ എന്നറിയപ്പെട്ടിരുന്ന പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ഇബാഹിം കുഞ്ഞ് – പാത്തുമ്മാ കുഞ്ഞ് (മരണം 1995) ദമ്പതികളുടെ മക്കളും മരുമക്കളും ചെറുമക്കളുമടങ്ങുന്ന അഞ്ച് തലമുറയിൽപ്പെട്ട മുന്നൂറോളം പേരാണ് ആടിയും പാടിയും കുടുംബ സംഗമം ആഘോഷമാക്കിയത്.2017 മുതൽ എല്ലാ ജൂലൈ രണ്ടാം ശനിയാഴ്ചയും കാരംകോട് കുടുംബത്തിലെ അംഗങ്ങൾക്ക് ഇത് പതിവാണ്.വാട്സ് ആപ്പും ഫെയ്സ് ബുക്കും പബ്ജി ഗെയിമും പിന്നെ യൂടൂബും നയിക്കുന്ന ആധുനിക ജീവിത തിരക്കിനിടയിൽ എല്ലാം മറന്നൊരു ദിനം. തിന്നും കുടിച്ചും സ്വറ പറഞ്ഞും പരിചയം പുതുക്കിയും വടംവലിച്ചും ആനന്ദിച്ചും ഒരു സമ്പൂർണ്ണ ദിനം.കൈക്കുഞ്ഞ് മുതൽ 90 കഴിഞ്ഞവർ വരെയുള്ള ഈ സംഘം ജീവിതം ആഘോഷമാക്കുകയാണ്.45 വർഷം മുൻപ് മരണപ്പെട്ട ഒരു ഗൃഹനാഥൻ 25 വർഷം മുൻപ് മരണപ്പെട്ട ഒരു ഗൃഹനാഥ. അവർക്ക് ഏഴ് മക്കൾ, ആ ഏഴ് മക്കൾക്കും കൂടി 36 ചെറുമക്കൾ. പിന്നെ അവരുടെ മക്കളും ചെറുമക്കളും മരുമക്കളുമായി എല്ലാ വർഷവും ജൂലൈ രണ്ടാം ശനിയാഴ്ച, നിശ്ചയിക്കപ്പെട്ട സ്ഥലത്ത് നാടിന്റെ നാനാഭാഗത്ത് നിന്നും അവർ ആവേശത്തോടെ ഒരുമിച്ച് കൂടുന്നു. “കാരംകോട് കുടുംബ സംഗമം” എന്ന ലേബലിൽ അവർ ഒരുമിച്ച് കൂടുമ്പോൾ കളിക്കാനും കൂക്കിവിളിക്കാനും പ്രായം ഒരു തടസമേ ആകുന്നില്ല. മുതിർന്നവരും കുട്ടികളായിത്തീരുന്ന ആ സുദിനത്തിൽ ആനന്ദിക്കാനും ആർപ്പു വിളിക്കാനും ചിന്തിക്കാനും ചിരിക്കാനും രുചിക്കൂട്ടുകൾ ആസ്വദിക്കാനുമായി ഒരു സമ്പൂർണ്ണ ദിനം.അമേരിക്ക ഇംഗ്ലണ്ട് , ഗൾഫ് രാജ്യങ്ങൾ തുടങ്ങി ലോകത്തിന്റെ വിവിധ സ്ഥലങ്ങൾക്ക് പുറമെ, ഡൽഹി ,ബാഗ്ലൂർ, ബോംബെ തുടങ്ങി നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്നും അംഗങ്ങൾ കുടുംബ സംഗമത്തിനായി എത്താറുണ്ട്. ഗൾഫിലെ അംഗങ്ങളുടെ സൗകര്യം കൂടി പരിഗണിച്ചാണ് മിഡിൽ ഈസ്റ്റിലെ അവധിക്കാലമായ ജൂലൈ സംഗമത്തിനായി തെരെഞ്ഞെടുത്തിട്ടുള്ളത്. ഡോക്ടർമാർ, സിനിമാ താരങ്ങൾ, അധ്യാപകർ, ഗവ: ഉദ്യോഗസ്ഥർ, ബിസിനസുകാർ, തുടങ്ങി സമൂഹത്തിലെ വിഭിന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെല്ലാം സംഗമത്തിനായി ഒരുമിച്ച് കൂടുന്നു.
ഏഴ് മക്കളുടെയും കുടുംബത്തിൽ നിന്നും ഓരോ അംഗങ്ങൾ ഉൾക്കൊള്ളുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും. വർഷത്തിലൊരിക്കൽ നടക്കുന്ന സംഗമത്തിന് ആവശ്യമായ തുക കണ്ടെത്തുന്നതും കുടുംബത്തിൽ നിന്ന് തന്നെയാണ്.ഓരോ വർഷവും ഓരോ മക്കളുടെ കുടുംബമാണ് ആ വർഷത്തെ ചിലവ് വഹിക്കേണ്ടത്. ഏറ്റവും മുതിർന്നയാളിൽ തുടങ്ങി മറ്റുള്ളവരിലേക്ക് തുടർന്നുള്ള വർഷങ്ങളിലെ ചിലവ് വന്ന് ചേരും.” ആ ഏഴുമക്കളിൽ ഏറ്റവും പ്രായം കുറഞ്ഞയാളിനും വയസ്സ് 75 കഴിഞ്ഞുവെങ്കിലും, മക്കളിൽ ചിലരൊക്കെ മരണപ്പെട്ടുവെങ്കിലും അംഗങ്ങളുടെ എണ്ണം 300 കടന്നെങ്കിലും “കാരംകോട് കുടുംബം” എന്ന ലേബലിൽ ഒരുമിച്ച് കൂടുന്നതിനോ ചിലവ് നടത്തുന്നതിനോ ഒരു തടസവും വരാറില്ലെന്ന് പ്രമുഖ സിനിമാ താരമായ നസ്റിയ ഫഹദിന്റെ പിതാവ് കൂടിയായ നാസിമുദ്ദീൻ അഭിപ്രായപ്പെട്ടു.സംഗമ ദിവസം എല്ലാവർക്കും വേണ്ട ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി ഒരു പ്രത്യേക കമ്മിറ്റി തന്നെ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസം പൂർണമായും ഒരുമിച്ച് ചില വഴിക്കണം എന്നതിനാൽ പ്രഭാത ഭക്ഷണം മുതൽ അത്താഴം വരെ അവിടെ സജ്ജീകരിക്കുമെന്ന് മാത്രമല്ല,ഫുഡ് മെനു “കാരംകോട് കുടുംബം ” എന്ന വാട്സ് ആപ്പ് കൂട്ടായ്മയിൽ മുൻകൂട്ടി അറിയിക്കുകയും ചെയ്യും.”കുടുംബക്കാർ തന്നെ പരസ്പരം ഭക്ഷണം വിളമ്പിക്കൊടുക്കുകയും അതിലൂടെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം ഇടപഴകാൻ അവസരം ലഭിക്കണം എന്നതിനാൽ കാറ്ററിംഗ് സർവ്വീസ് കാരെപ്പോലും സംഗമത്തിൽ ഉൾപ്പെടുത്താറില്ല ” കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടർ കൂടിയായ റസീഫ് എന്ന കുടുംബാംഗം ഓർമ്മിച്ചെടുത്തു.കളികളും കഴിക്കലും മതിയോ ?, എന്ന ചിന്തയിൽ നിന്നാണ് ”കാരംകോട് ചാരിറ്റബിൾ ട്രസ്റ്റ് ” എന്ന ആശയം ഉടലെടുക്കുന്നത്. ഓരോ വർഷവും കുടുംബാംഗങ്ങളിൽ നിന്നും വോളന്റിയറായി ലഭിക്കുന്ന തുക ഉപയോഗിച്ച് സാമൂഹ്യ സേവന രംഗത്ത് എന്തെങ്കിലും ചെയ്യുകയെന്നതാണ് പ്രസ്തുത ട്രസ്റ്റിന്റെ ലക്ഷ്യം.”ലക്ഷത്തിൽ കുറയാത്ത തുക സ്വരൂപിച്ച് കുടിവെള്ള പദ്ധതി, ഭവന നിർമ്മാണ പദ്ധതി, ചികിത്സാ സഹായ പദ്ധതി, എഡ്യൂക്കേഷൻ സ്കോളർഷിപ് പ്രോഗ്രാം എന്നിങ്ങനെ ഓരോ വർഷവും വിത്യസ്ഥ പദ്ധതികളാണ് ഈ ട്രസ്റ്റ് ആസൂത്രണം ചെയ്യുന്നതെന്ന് 2020-ലെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കൂടിയായ നുജുമുദ്ദീൻ അറിയിച്ചു.“എനിക്കിപ്പോൾ 42 വയസ്സായി. കോളേജിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇത്രയധികം രസിച്ച, കൂകി വിളിച്ച, അട്ടഹസിച്ച, ആനന്ദിച്ച ഒരു ദിവസം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല”ഷാർജയിൽ നിന്നെത്തി കുടുംബ സംഗമത്തിൽ പങ്കെടുത്ത രണ്ടു കുട്ടികളുടെ മാതാവും സർക്കാരുദ്യോഗസ്ഥയു മായ ഒരു വീട്ടമ്മയുടെ വാക്കുകളാണിത്.പഠനത്തിനും ടൂഷനും ടെൻഷനും തിരക്കിനുമൊക്കെ അവധി കൊടുത്ത് ഒരുമിച്ച് കൂടുന്ന ഈ സംഗമത്തിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും, കുട്ടികൾക്കും കുടുംബത്തിനും വേണ്ട ബോധവൽക്കരണ ക്ലാസ്സുകളും എന്റർടൈമെന്റ് ഗെയിമുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.ആനന്ദത്തിനു പുറമേ വിജ്ഞാനത്തിനും പ്രാധാന്യം നല്കുന്ന പ്രസ്തുത സംഗമത്തിൽ കുട്ടികളുടെ പ്രാധിനിത്യം സംഘാടകർക്ക് ആവേശമാണ്. കുടുംബാംഗങ്ങളുമായി പരസ്പരം പരിചയപ്പെടാനും അടുത്തറിയാനും ഒരു മുഴുദിനം ഒരുമിച്ച് ചിലവഴിക്കാനുമുള്ള ഇത്തരത്തിലൊരു അവസരങ്ങൾ വളരെ വിരളമാണ്. അതുകൊണ്ടു തന്നെ തിരക്കിനിടയിലെ തിരക്കൊഴിഞ്ഞ അടുത്ത സംഗമ ദിനത്തിനായി കാത്തിരിപ്പാണ് കാരംകോട് കുടുംബത്തിലെ അംഗങ്ങൾ.

NO COMMENTS