ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ അറസ്റ്റ് നടപടികള്‍ നേരിടുന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്‍ണന്‍ ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നു. എന്നാല്‍, ഒളിവില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണന്‍ എവിടെയാണുള്ളതെന്ന കാര്യം ഇപ്പോഴും അജ്ഞാതമാണ്. സുപ്രീം കോടതി ആറ് മാസത്തെ കടവ് ശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് ജസ്റ്റിസ് കര്‍ണന്‍ മെയ് 10 മുതല്‍ ഒളിവിലാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ഉള്‍പ്പെടെ ആറ് ജഡ്ജിമാര്‍ക്ക് അഞ്ച് വര്‍ഷം വീതം തടവ് വിധിച്ചതിനെ തുടര്‍ന്നാണ് കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടാകുന്നത്. പശ്ചിമബംഗാളിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരുടെ അന്വേഷണ സംഘം കര്‍ണനെ തേടി ചെന്നൈയിലടക്കം എത്തി അന്വേഷണം നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല. കര്‍ണനെ കണ്ടെത്തുന്നതിന് തമിഴ്‌നാട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ഒളിവിലായിരിക്കുമ്പോള്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് കര്‍ണന്‍. പ്രധാനമന്ത്രി, നിയമന്ത്രി എന്നിവര്‍ക്ക് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ രീതിയില്‍ കത്തുകളെഴുതിയതായും കര്‍ണനെതിരെ പരാതി നിലനില്‍ക്കുന്നുണ്ട്. അഴിമതി, ജാതീയത തുടങ്ങിയ ആരോപണങ്ങളാണ് കര്‍ണന്‍ മറ്റു ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.