ബെംഗളൂരു • കര്‍ണാടകയില്‍ ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന കാവേരി ബന്ദിനു പിന്തുണ അറിയിച്ചിരിക്കുന്നതു സംസ്ഥാനമെങ്ങുമുള്ള രണ്ടായിരത്തോളം സംഘടനകള്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു കാവേരി ഹിതരക്ഷണ സമിതി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുഖ്യപ്രതിപക്ഷ കക്ഷികളായ ബിജെപിയും ജനതാദള്‍-എസും പ്രത്യക്ഷത്തിലും സംസ്ഥാന സര്‍ക്കാര്‍ പരോക്ഷമായും പിന്തുണയ്ക്കുന്നതിനാല്‍ ജനജീവിതം നിശ്ചലമാകാനാണു സാധ്യത.പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ഥിച്ചു. സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. മിക്ക ഐടി, ബിടി ബഹുരാഷ്ട്ര കമ്ബനികള്‍ക്കും അവധിയാണ്.ചില ഐടി സ്ഥാപനങ്ങള്‍ വീട്ടിലിരുന്നു ജോലിചെയ്യാനുള്ള സൗകര്യമൊരുക്കി. ബെംഗളൂരുവും കാവേരി പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ മണ്ഡ്യ ഉള്‍പ്പെടുന്ന ഓള്‍ഡ് മൈസൂരു മേഖലയും കനത്ത പൊലീസ് സുരക്ഷയിലാണ്.
കേരള ആര്‍ടിസിയുടെ പകല്‍ സര്‍വീസുകള്‍ മുടങ്ങും. മലബാര്‍ യാത്രക്കാരെയാകും ഇതു ബാധിക്കുക. വൈകിട്ട് ആറു മുതലുള്ള സര്‍വീസുകള്‍ നടത്തും. കര്‍ണാടക ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളുടെ കാര്യത്തിലും ഇതുതന്നെയാണു സ്ഥിതി. സാഹചര്യം വിലയിരുത്തിയാകും സര്‍വീസ് നടത്തണോയെന്നു തീരുമാനിക്കുകയെന്നു ബെംഗളൂരുവില്‍ മെട്രോ അധികൃതര്‍ അറിയിച്ചു.ബസ്, ഓട്ടോ, ടാക്സി ഉള്‍പ്പെടെ നഗരത്തിലെ മറ്റു യാത്രാ സംവിധാനങ്ങളും സ്തംഭിക്കുമെന്നതിനാല്‍ ട്രെയിന്‍, വിമാന യാത്രക്കാരും ആശങ്കയിലാണ്. കേരളത്തിലേക്കു മലയാളികളുടെ ഓണയാത്രയും ഇന്നുമുതലാണ്. ചിലര്‍ ഇന്നലെത്തന്നെ പുറപ്പെടുകയും ചെയ്തു.
സുപ്രീം കോടതി നിര്‍ദേശപ്രകാരം തമിഴ്നാടിനു കാവേരിജലം വിട്ടുകൊടുക്കേണ്ടി വന്നതോടെ ചൊവ്വാഴ്ച മുതല്‍ കര്‍ണാടകയില്‍ സംഘര്‍ഷാന്തരീക്ഷം തുടരുകയാണ്.