ബെംഗളൂരു • ലൈംഗിക ആരോപണത്തെ തുടര്‍ന്ന് കര്‍ണാടക എക്സൈസ് മന്ത്രി എച്ച്.വൈ. മേത്തി രാജിവച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് രാജി സമര്‍പ്പിച്ചത്. താന്‍ രാജിവയ്ക്കുകയാണെന്നും സര്‍ക്കാരിന് യാതൊരു പ്രശ്നവും നേരിടില്ലെന്നും മാധ്യമങ്ങളോട് മേത്തി പ്രതികരിച്ചു. യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് മന്ത്രിയ്ക്കെതിരായ ആരോപണം. ഇതിന്റെ ദൃശ്യങ്ങള്‍ ചില പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ പുറത്തു വിട്ടതിനു പിന്നാലെയാണ് മന്ത്രിയുടെ രാജി. ആരോപണങ്ങള്‍ മന്ത്രി നേരത്തെ നിഷേധിച്ചിരുന്നു. യുവതിയുടെ മുഖം മറച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്ഥലം മാറ്റത്തിനു പകരം യുവതിയെ മന്ത്രി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് വിവരാവകാശ പ്രവര്‍ത്തകനായ രാജശേഖറാണ് ആരോപിച്ചത്. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രാജശേഖറിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പണം വാഗ്ദാനം ചെയ്യുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.