ബെംഗളൂരു: ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരില്‍ പരാതി നല്‍കിയ അലയന്‍സ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ .ഡോ. ഡി. അയ്യപ്പ ദൊറെ ആര്‍.ടി. നഗറിലെ വീടിനു സമീപത്തെ റോഡില്‍ അജ്ഞാതരുടെ കുത്തേറ്റു മരിച്ചു.
2010-ല്‍ മുഖ്യമന്ത്രിയായിരിക്കെ ബി.എസ്. യെദ്യൂരപ്പ, ഡോ. കെ. ശിവരാം കാരന്ത് ലേഔട്ടിനായി സ്ഥലമേറ്റെടുത്തുള്ള വിജ്ഞാപനം നിയമവിരുദ്ധമായി റദ്ദാക്കി യെന്നാരോപിച്ചാണ് ഡോ. അയ്യപ്പ അഴിമതി നിരോധനബ്യൂറോയില്‍ പരാതിനല്‍കിയത്. എന്നാല്‍, 2017 സെപ്റ്റംബര്‍ 22-ന് കര്‍ണാടക ഹൈക്കോടതി പരാതിയിലെ അന്വേഷണം സ്റ്റേചെയ്തു.
ചൊവ്വാഴ്ച രാത്രി നടക്കാനിറങ്ങിയപ്പോള്‍ കുത്തേറ്റതാണെന്നാണ് പോലീസ് സംശയിക്കുന്നത്. നടക്കാന്‍പോയശേഷം വീട്ടില്‍ തിരിച്ചെത്താത്തതിനാല്‍ കുടുംബാംഗങ്ങള്‍ അന്വേഷിച്ചിറങ്ങിയ പ്പോഴാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊലപാതകകാരണം അറിവായിട്ടില്ല. ആര്‍.ടി. നഗര്‍ പോലീസ് കേസെടുത്തു. സംഭവംനടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്.
നേരത്തേ ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തി ച്ചിരുന്ന ഡോ. അയ്യപ്പ 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ‘ജന സമനയ പാര്‍ട്ടി’ രൂപ വത്കരിച്ചിരുന്നു. പൊതുരംഗത്ത് സജീവമായ അയ്യപ്പ, കലസ-ബന്ദൂരി ജലവിതരണ പദ്ധതിക്കായി സമരവും സംഘടിപ്പിച്ചിരുന്നു.