കയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ല – ദുരിതബാധിതരെ അപമാനിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

129

ബംഗളുരു: പ്രളയദുരിത ബാധിതര്‍ക്ക് ധനസഹായം അടക്കം കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. അതേസമയം തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തില്‍ ദുരിതബാധിതരെ അപമാനിച്ച്‌ വിവാദത്തിലായിരിക്കുകയാണ് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടവരോട് കയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ല എന്നാണ് യെദ്യൂരപ്പ പ്രതികരിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ഷിമോഗയിലെ പ്രളയബാധിതര്‍ക്കാണ് മുഖ്യമന്ത്രിയില്‍ നിന്നുളള ഈ ദുരനുഭവം. അതേസമയം ദുരിതബാധിതരെ അപമാനിച്ച സംഭവത്തില്‍ കോണ്‍ഗ്രസും ജെഡിഎസും യെദ്യൂരപ്പയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കയ്യില്‍ നോട്ടടിക്കുന്ന യന്ത്രമില്ല, എന്നാല്‍ ആര്‍ത്തിക്കാരായ എം എല്‍ എ മാര്‍ക്ക് പണം വാരിക്കോരി നല്‍കാനുളള അക്ഷയ പാത്രമുണ്ട് എന്ന് മുന്‍ മുഖ്യമന്ത്രി കൂടിയായ കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ പരിഹസിച്ചു.

എംഎല്‍എമാരെ ചാര്‍ട്ടേഡ് വിമാനത്തില്‍ കൊണ്ട് പോകാനും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിപ്പിക്കാനും ആരാണ് നോട്ടടിച്ച്‌ എന്നാണ് ജെഡിഎസ് ചോദിക്കുന്നത്. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അടുത്തിടെയാണ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അട്ടിമറിച്ച്‌ അധികാരത്തിലേറിയത്. എംഎല്‍എമാരെ കൂട്ടമായി മറുകണ്ടം ചാടിച്ച്‌ ആയിരുന്നു അട്ടിമറി. ഭരണപക്ഷ എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ ബിജെപി കോടികള്‍ ഒഴുക്കിയെന്നാണ് ആരോപണം. അതേസമയം സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെ കര്‍ണാടകയില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല.

പ്രളയത്തില്‍ അകപ്പെട്ട മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രിയോട് പരാതി പറയാന്‍ എത്തിയ ദുരിതബാധിതരെ ലാത്തി കൊണ്ട് പോലീസ് അടിച്ചോടിച്ച സംഭവവും വിവാദത്തിലായിരുന്നു. കുടകിലെ കൊണ്ണൂര്‍ താലൂക്കില്‍ എത്തിയ യെദ്യൂരപ്പയോട് പരാതി പറയാന്‍ ദുരിതബാധിതര്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ നിന്നിറങ്ങാനോ ജനങ്ങളോട് സംസാരിക്കാനോ യെദ്യൂരപ്പ തയ്യാറായിരുന്നില്ല. പിന്നാലെ ആളുകളെ ഒഴിവാക്കാന്‍ പോലീസ് ലാത്തി വീശുകയായിരുന്നു.

NO COMMENTS