കാസര്‍ഗോഡ്: കോവിഡ് സാഹചര്യങ്ങള്‍ കാസര്‍ഗോഡ് അതിഗുരുതരമാണെന്നും അതിനാല്‍ അവിടെ നിന്നുള്ള രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടകം. കാസര്‍ഗോഡ്- മംഗളൂരു അതിര്‍ത്തി തുറക്കാനാകില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നിലപാടിലുറച്ച് വ്യക്തമാക്കി.
രോഗികളുടെ കൂട്ടത്തില്‍ കോവിഡ് ബാധിതരുണ്ടോ എന്ന് തിരിച്ചറിയാനായില്ലെങ്കില്‍ കര്‍ണാടകത്തിന് അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ ഇക്കാര്യത്തില്‍ നിലപാട് മാറ്റില്ലെന്നും യെദിയൂരപ്പ പറഞ്ഞു. എച്ച.ഡി.ദേവഗൗഡയ്ക്ക് അയച്ച മറുപടി കത്തിലാണ് യെദിയൂരപ്പ ഈ കടുംപിടുത്തം ആവര്‍ത്തിച്ചത്.
അതിര്‍ത്തി അടച്ചത് മുന്‍ കരുതല്‍ നടപടി ആയാണെന്നും ഇത് കര്‍ണാടക- കേരള ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മംഗളുരുവിലേക്ക് ചികിത്സയ്ക്ക് കൊണ്ടു പോകാനാകാതെ ഏഴു പേര് മരിച്ചതിനു പിന്നാലെ വിഷയത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിരുന്നു. കര്‍ണാടക അടച്ച അതിര്‍ത്തി തുറക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, ഹൈക്കോടതിയുടെ ഈ വിധിക്ക് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചു. അതേസമയം, കര്‍ണാടകത്തിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി ഇക്കാര്യത്തില്‍ സ്റ്റേ നല്‍കാനാകില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇരു സംസ്ഥാനങ്ങളുടേയും യോഗം വിളിക്കണമെന്നും ആരെയൊക്കെ കടത്തിവിടണമെന്ന് ഈ യോഗത്തില്‍ തീരുമാനിക്കണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം.