ബംഗളുരു: കാവേരി നദിയില്‍ നിന്നും തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നതിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ ശനിയാഴ്ച വരെ സര്‍വ്വീസ് നിര്‍ത്തിവച്ചു. പ്രതിഷേധങ്ങള്‍ക്കിടെ കാവേരിയില്‍ നിന്നും പതിനാറായിരം ക്യുസക്‌സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുത്തു.
ഇന്നലെ അര്‍ദ്ധരാത്രിയാണ് കാവേരി നദിയില്‍ നിന്നും പതിനയ്യായിരം ക്യുസക്‌സ് വെള്ളം കര്‍ണാടക തമിഴ്‌നാടിന് വിട്ടുകൊടുത്തത്. ദ്രുത കര്‍മ്മ സേനയുടെ കനത്ത സുരക്ഷയില്‍ മാണ്ഡ്യയിലെ കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്നും കബിനി അണക്കെട്ടില്‍ നിന്നുമാണ് വെള്ളം വിട്ടുനല്‍കിയത്. അതേ സമയം കാവേരിയിലെ വെള്ളം തമിഴ്‌നാടുമായി പങ്കിടുന്നതിനെതിരെ ഇന്നും പ്രതിഷേധം തുടരുകയാണ്. മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. തമിഴ്‌നാടിന്റെ ബസുകള്‍ ഇന്നും കര്‍ണാടക അതിര്‍ത്തിയില്‍ തടഞ്ഞു. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ മാണ്ഡ്യ വഴി പോകരുതെന്ന് ബംഗളുരു ട്രാഫിക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത ശനിയാഴ്ച വരെ കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വ്വീസ് തമിഴ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു. അതേസമയം കേരളത്തില്‍ നിന്ന് ബംഗളുരുവിലേക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ മൈസൂര്‍ വരെ മാത്രമാണ് സര്‍വ്വീസ് നടത്തുന്നത്. വെള്ളം നല്‍കുന്നത് തുടര്‍ന്നാല്‍ ബല്‍ഗാവിയില്‍ തീവണ്ടി തടയല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിലേക്ക് നീങ്ങാനാണ് കര്‍ണാടക രക്ഷാ വേദികയുടെ തീരുമാനം. വര്‍ഷങ്ങളായി കര്‍ണാടകത്തിന് വേണ്ടി കാവേരി കേസ് വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാനെ മാറ്റണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.