ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കസ്റ്റഡിയിലെടുത്ത കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 26 വരെ അറസ്റ്റു ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം മേയ് 15-നു സിബിഐ റജിസ്റ്റര്‍ ചെയ്ത കേസിലാണു കാര്‍ത്തിയെ അറസ്റ്റ് ചെയ്തത്. ഇഡി സാമ്ബത്തിക തട്ടിപ്പു കേസും റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലെ അറസ്റ്റാണ് താല്‍ക്കാലികമായി ഒഴിവായത്. വിദേശത്തുനിന്നു നിയമവിരുദ്ധമായി 305 കോടി രൂപയുടെ നിക്ഷേപം നേടിയതുള്‍പ്പെടെ ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമ സ്ഥാപനം നടത്തിയ ക്രമക്കേടുകള്‍ ഒതുക്കാന്‍ കോഴ വാങ്ങിയെന്നാണ് കാര്‍ത്തിക്കെതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ഫെബ്രുവരി 28ന് അറസ്റ്റ് നടന്നത്. ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷണല്‍ ബോര്‍ഡിന്റെ അനുമതിക്കായി ഏഴു കോടി ഡോളര്‍ കാര്‍ത്തി ചിദംബരത്തിനു നല്‍കിയെന്ന് ഇന്ദ്രാണി മുഖര്‍ജി മൊഴി നല്‍കിയിരുന്നു. സിബിഐയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇന്ദ്രാണി മൊഴി നല്‍കിയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.