ഹൈടെക്കായി കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂള്‍ ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്‌കൂള്‍ കെട്ടിടം ഫെബ്രുവരി 17 ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും.

73

കൊല്ലം : പാഠ്യ-പാഠ്യേതര മുന്നേറ്റങ്ങള്‍ക്കൊപ്പം ഏതൊരാളും കൊതിക്കുന്ന സൗകര്യങ്ങളിലേക്ക് കരുനാഗപ്പള്ളി ഗേള്‍സ് എച്ച് എസ് ഉയരുകയാണ്. ഭാവി വികസനാവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ആറ് നിലകളുള്ള കെട്ടിടമാണ് ഉയരുന്നത്. രണ്ടു നിലകളിലായി ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്‌കൂള്‍ കെട്ടിടം നാളെ (ഫെബ്രുവരി 17) മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും.

വിശാലമായ നടുമുറ്റം, ലൈബ്രറി, കമ്പ്യൂട്ടര്‍, സയന്‍സ്, ഫിസിക്‌സ്, ലാംഗ്വേജ് ലാബുകള്‍, 20 ഹൈടെക് ക്ലാസ് മുറികള്‍, സ്ത്രീ സൗഹൃദ ശുചിമുറികള്‍, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ ശൈലിയാണ് കെട്ടിടത്തിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓടകളും പൂര്‍ത്തിയായി.

അടുക്കളയും, ഡൈനിംഗ് ഹാളും നിര്‍മിക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷത്തിനകം പൂര്‍ത്തിയാകുന്ന തരത്തില്‍ ഉടന്‍ പണി ആരംഭിക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്ന കാഴ്ചപ്പാടോടെയാണ് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്ന് ഹെഡ്മിസ്ട്രസ് ജി ലീലാമണി പറഞ്ഞു.

രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ അധ്യക്ഷനാകും. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ രാജു, മുന്‍ മന്ത്രി കെ സി വേണുഗോപാല്‍, എം പി മാരായ കെ സോമപ്രസാദ്, എ എം ആരിഫ്, എം എല്‍ എ മാരായ എന്‍ വിജയന്‍പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഇ സീനത്ത് ബഷീര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

NO COMMENTS