ജയലളിത ആശുപത്രിയിലായതോടെ തമിഴ്നാട് സര്‍ക്കാരിന്‍റെ ദിശ നഷ്ടപ്പെട്ടു : എം.കരുണാനിധി

162

ചെന്നൈ മുഖ്യമന്ത്രി ജെ.ജയലളിത ആശുപത്രിയിലായതോടെ തമിഴ്നാട് സര്‍ക്കാരിന്‍റെ ദിശ നഷ്ടപ്പെട്ടുവെന്ന വിമര്‍ശനവുമായി പ്രതിപക്ഷമായ ഡി.എം.കെ. സംസ്ഥാന ഭരണത്തില്‍ സര്‍ക്കാരും ഗവര്‍ണറും ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഡി.എംകെ അധ്യക്ഷന്‍ എം.കരുണാനിധി ആവശ്യപ്പെട്ടു.
കാവേരിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം വിട്ടുകൊടുക്കാനുള്ള സുപ്രീം കോടതി ഉത്തരവിനോട് കര്‍ണാടക ഉദാസീന നിലപാടാണ് സ്വീകരിക്കുന്നത്. കര്‍ഷകര്‍ അടക്കമുള്ളവര്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും കോടതിയേയുമാണ് ഉറ്റുനോക്കിയിരിക്കുന്നതെന്നും കരുണാനിധി പറഞ്ഞു.
മുഖ്യമന്ത്രി ആശുപത്രിയില്‍ ആയതോടെ സംസ്ഥാന സര്‍ക്കാരിന് ദിശാബോധം നഷ്ടപ്പെട്ടുവെന്നാണ് എല്ലാവരുടെയും അഭിപ്രായം.

കാവേരി മാന്‍േജ്മെന്‍റ് ബോര്‍ഡ് രൂപീകരിക്കണമെന്നത് ഉള്‍പ്പെടെ കര്‍ഷകരുടെ ആവശ്യങ്ങളെ എല്ലാ കക്ഷികളും ഐക്യകണേ്ഠനയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ ഒരു സര്‍വകക്ഷിയോഗമോ മന്ത്രിസഭാ യോഗമോ പ്രത്യേക സഭാ സമ്മേളനമോ വിളിക്കാന്‍ എഐഎഡിഎം.കെ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കരുണാനിധി ആരോപിച്ചു.
സുപ്രധാന തീരുമാനങ്ങള്‍ ഒന്നും എടുക്കാന്‍ മന്ത്രിമാര്‍ക്കോ ചീഫ് സെക്രട്ടറിക്കോ കഴിയാത്ത സ്ഥിതിയാണ്. സംസ്ഥാന ഭരണം ഗവര്‍ണറോ കേന്ദ്രമോ ഏറ്റെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജയലളിത തിരിച്ചുവരുന്പോള്‍ ഭരണം തുടരാം. ഇതു ജനങ്ങളുടെയും തങ്ങളുടെയും അഭ്യര്‍ത്ഥനയാണെന്നും കരുണാനിധി പറഞ്ഞു. ജയലളിത മടങ്ങിയെത്തുന്നതുവരെ ഇടക്കാല മുഖ്യമന്ത്രിയേയോ ഉപമുഖ്യമന്ത്രിയേയോ നിയോഗിക്കണമെന്ന് ഡി.എം.കെ ട്രഷറര്‍ എം.കെ സ്റ്റാലിനും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY