ചെന്നൈ: തമിഴ്നാട് പ്രതിപക്ഷനേതാവും മകനുമായ എംകെ സ്റ്റാലിനെ(63) കരുണാനിധി പിന്‍ഗാമിയായി പ്രഖ്യാപിച്ചു. തമിഴ് വാരികയായ ആനന്ദവികടന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിനാവും തന്റെ പിന്‍ഗാമിയെന്ന് കരുണാനിധി വ്യക്തമാക്കിയത്.
കരുണാനിധിയുടെ പിന്‍ഗാമിയാവാന്‍ എംകെ സ്റ്റാലിനും ജേഷ്ഠനും മുന്‍കേന്ദ്രമന്ത്രിയുമായ എംകെ അഴഗിരിയും തമ്മില്‍ കടുത്ത വടംവലി തന്നെ നടന്നിരുന്നു. അനിയനായ സ്റ്റാലിനോട് കരുണാനിധിക്കുള്ള താത്പര്യത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഴഗിരി ഡിഎംകെയ്ക്ക് വേണ്ടി പ്രചരണം നടത്താന്‍ ഇറങ്ങിയിരുന്നില്ല.
കഠിനദ്ധ്വാനം കൊണ്ടും സമര്‍പ്പണം കൊണ്ടും എനിക്ക് പിന്‍ഗാമിയാവാന്‍ അനുയോജ്യനാണ് സ്റ്റാലിന്‍, ഡിഎംകെയുടെ ഭാവി തന്നിലൂടെയാണെന്ന് സ്റ്റാലിന്‍ സ്വയം തെളിയിച്ചതാണ്” അഭിമുഖത്തില്‍ കരുണാനിധി പറയുന്നു. മകനെന്ന നിലയില്‍ സ്റ്റാലിനെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് സ്റ്റാലിന്റെ പ്രവര്‍ത്തനങ്ങളില്‍ താന്‍ സന്തോഷവാനാണെന്നും, സ്വന്തം ചുമതലകള്‍ സ്റ്റാലിന്‍ മികച്ച രീതിയില്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു കരുണാനിധിയുടെ മറുപടി.
കരുണാനിധിയുടെ സ്വാഭാവികപിന്‍ഗാമിയായി ഡിഎംകെ അണികളും പൊതുവില്‍ പിന്തുണയ്ക്കുന്നത് സ്റ്റാലിനെയാണ്. തന്റെ കൗമാരപ്രായത്തില്‍ തന്നെ ഡിഎംകെയുടെ പ്രവര്‍ത്തകനായി സ്റ്റാലിന്‍ രാഷ്ട്രീയ രംഗത്തുണ്ട്. തന്നേക്കാള്‍ പിന്തുണ സ്റ്റാലിന് നല്‍കുന്നതില്‍ അഴഗിരി പലപ്പോഴും പ്രതിഷേധമുന്നയിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയക്കാരന്റെ കൗശലബുദ്ധിയോടെ ഡിഎംകെയുടെ തലപ്പത്തേക്ക് സ്റ്റാലിന്‍ നടന്നു കയറി.
കഴിഞ്ഞ നാല് പതിറ്റാണ്ടായി കരുണാനിധിയുടെ നിഴലായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാലിന്‍ കരുണാനിധിയുടെ രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിന്റെ മകനാണ് . ഡിഎംകെ ട്രഷററായും, യൂത്ത് വിംഗ് അധ്യക്ഷനായും പ്രവര്‍ത്തിച്ച അദ്ദേഹം 2006-ലെ കരുണാനിധി സര്‍ക്കാരില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 2009-ല്‍ തമിഴ്നാട് ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയായും നിയമിക്കപ്പെട്ടു.പാര്‍ട്ടിയില്‍ വിമതസ്വരമായി മാറിയ ഘട്ടത്തില്‍ അഴഗിരിയെ കരുണാനിധി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ സ്റ്റാലിനാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയെ നയിച്ചത്. കുടുംബഭരണം കൊണ്ടും കുപ്രസിദ്ധമായ അഴിമതി കൊണ്ടും അധികാരത്തില്‍ നിന്ന് തൂത്തെറിയപ്പെട്ട ഡിഎംകെയെ ഇപ്പോള്‍ മുന്നോട്ട് നയിക്കുന്നത് സ്റ്റാലിനാണ്.
2016-ലും അധികാരം തിരിച്ചു പിടിക്കാന്‍ സാധിച്ചില്ലെങ്കിലും നഷ്ടമായ പ്രതിപക്ഷസ്ഥാനം വീണ്ടെടുക്കാന്‍ സ്റ്റാലിന് സാധിച്ചിരുന്നു. രോഗബാധിതയായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയും, 93 വയസ്സായ കരുണാനിധിക്കും ശേഷം തമിഴകരാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്‍ വലിയൊരു പങ്ക് വഹിക്കാന്‍ പോവുന്നത് ജോസഫ് സ്റ്റാലിന്‍ എന്ന ഈ ഡിഎംകെ നേതാവ് കൂടിയാണ.