കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി താങ്ങായത് 14 ലക്ഷം പേർക്ക്

34

കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ താങ്ങായത് 14 ലക്ഷത്തോളം കുടുംബങ്ങൾക്ക്. ചികിത്സാ ആനുകൂല്യത്തിനായി ആയിരം കോടിയോളം രൂപയാണ് ഈ കാലയളവിൽ ചെലവഴിച്ചത്.

ഡയാലിസിസിനായി 1.4 ലക്ഷം പേർക്കായി 13 കോടി രൂപയുടെയും ഹൃദയ ചികിത്സയ്ക്കായി 37427 പേർക്ക് 181 കോടി രൂപയുടെയും ധനസഹായം നൽകി. ക്യാൻസർ ചികിത്സയ്ക്കായി 69842 ഗുണഭോക്താക്കൾക്ക്് 84 കോടി രൂപയും വൃക്കരോഗ ചികിത്സയ്ക്കായി 7707 ഗുണഭോക്താക്കൾക്കായി 15 കോടി രൂപയുമാണ് ധനസഹായം അനുവദിച്ചത്. കോവിഡ് രോഗബാധിതരായ 3600 ഓളം പേർക്കാണ് ചികിത്സാ ധനസഹായ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്.

ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുന്നത്. ജനറൽ വാർഡ്, തീവ്ര പരിചരണ വാർഡ് എന്നിവിടങ്ങളിൽ കിടത്തിയുള്ള ചികിത്സകൾക്കാണ് ആനുകൂല്യം.

കിടത്തി ചികിത്സ, മരുന്ന്, പരിശോധന തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കു ന്നതിനു മൂന്ന് ദിവസം മുൻപും വിടുതൽ ചെയ്തശേഷം 15 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകൾ, മരുന്നുകൾ എന്നിവയും സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം നടത്തുന്ന ടെസ്റ്റുകൾ, ആവശ്യമായ മരുന്നുകൾ, വേണ്ടി വരുന്ന ചികിത്സാ ഉപകരണങ്ങളുടെ ഫീസുകൾ എന്നിവയെല്ലാം ആനുകൂല്യ ത്തിൽ ഉൾപ്പെടുന്നു. ഡയാലിസിസ്, റേഡിയേഷൻ, കീമോതെറാപ്പി, കണ്ണു സംബന്ധമായ അസുഖങ്ങൾ തുടങ്ങി കിടത്തി ചികിത്‌സയില്ലാത്തവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കിടത്തി ചികിത്സയുള്ള സർക്കാർ ആശുപത്രികൾക്കു പുറമെ സംസ്ഥാനത്താകെ മുന്നൂറോളം സ്വകാര്യ ആശുപത്രികളും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യിൽ എംപാനൽ ചെയ്തിട്ടുണ്ട്. സേവനം നൽകുന്ന സ്വകാര്യ ആശുപത്രികളുടെ വിവരം www.sha.kerala.gov.in ൽ ലഭ്യമാണ്. നിലവിൽ ഗുണഭോക്താവല്ലാ ത്തവർക്ക് സർക്കാർ ആശുപത്രിയിലെ ഡോക്ടറുടെ റഫറൻസുണ്ടെങ്കിൽ ചികിത്സാ ധനസഹായം അനുവദിക്കും. സേവനത്തിനായി ആശുപത്രികളിലെല്ലാം കാസ്പ് കിയോസ്‌കുകൾ സജ്ജമാക്കുന്നുണ്ട്.

ആധാർ കാർഡ് അടക്കമുള്ള വ്യക്തിഗത തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണം. രേഖകളുടെ അടിസ്ഥാനത്തിൽ കാസ്പ് കാർഡിന് അർഹതയുണ്ടോ എന്ന് പരിശോധിക്കും. അർഹരാണെന്ന് കണ്ടെത്തുന്നവർക്ക് കാസ്പ് കാർഡ് ലഭ്യമാകും. ഒരു വർഷത്തേക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമായി ലഭിക്കും. ഗുണഭോക്താ ക്കളുടെ കുടുംബത്തിലെ എല്ലാവർക്കും പദ്ധതിയിൽ അംഗങ്ങളാകാം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കി വന്ന കാരുണ്യ ബനവലന്റ് ഫണ്ട് കൂടി ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ഏറ്റെടുത്തതോടെ ചികിത്സാ ധനസഹായ പദ്ധതി കൂടുതൽ വേഗത്തിൽ ആവശ്യക്കാരിലേക്കെത്തുന്നുണ്ട്. മുൻപ് ലഭിച്ചിരുന്ന മിക്ക ആനൂകൂല്യങ്ങളും നിലനിർത്തി അധിക സഹായ വ്യവസ്ഥകൾ കൂട്ടിച്ചേർത്താണ് പദ്ധതി വിപുലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കാസ്പിൽ ഉൾപ്പെ ടാത്തതും മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ കുടുംബാംഗങ്ങൾ കാരുണ്യ ബനവലന്റ് ഫണ്ടിന്റെ ഗുണഭോക്താക്കളായി പരിഗണിക്കപ്പെടും. കാസ്പ് കിയോസ്‌കുകൾ വഴി പുതിയ അപേക്ഷ സമർപ്പിക്കാം.

കാരുണ്യ സുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ദിശയുടെ 1056 നമ്പരിൽ ബന്ധപ്പെടാം. സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ വെബ്്സൈറ്റിലും (www.sha.kerala.gov.in) വിവരങ്ങൾ ലഭിക്കും.

NO COMMENTS