കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നിയോഗിച്ച ഉന്നതതലകമ്മിറ്റിയുടെ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്കിലെ ക്രമക്കേടുകൾ യഥാസമയം കണ്ടെ ത്തുന്നതിലും തടയുന്നതിലും വീഴ്ച വരുത്തിയ 16 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർക്കാർ ഉത്തരവായി.
2014 മുതൽ സഹകരണ വകുപ്പിലെ ജനറൽ വിഭാഗത്തിലെയും ഓഡിറ്റ് വിഭാഗത്തിലെയും ചുമതല വഹിച്ചിരുന്ന ജില്ലാതല ഉദ്യോഗസ്ഥർ, ജനറൽ വിഭാഗത്തിലെ ഈ ബാങ്കിന്റെ മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥർ, ബാങ്ക് പ്രവർത്തിക്കുന്ന മുകുന്ദപുരം താലൂക്കിലെ ഓഡിറ്റ്/ ജനറൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് നടപടി. ഭരണ ഓഡിറ്റ് വിഭാഗങ്ങളിൽ ചുമതല നിർവഹണത്തിൽ വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ഇടപാടുകളെക്കുറിച്ച് അന്വേഷിച്ച് നിയമപ്രകാരവും ചട്ടപ്രകാരവും നടപടി സ്വീകരിക്കുന്നിൽ വിഴ്ച വരുത്തിയ മോഹൻമോൻ പി. ജോസഫ്, എം.ഡി. രഘു, ഗ്ലാഡി ജോൺ, ഷാലി റ്റി. നാരായണൻ, പീയുസ്. കെ.ഒ, ബിനു. കെ.ആർ, എം.സി. അജിത്, കെ.ഒ. ഡേവിസ്, പി. രാമചന്ദ്രൻ, ഷേർലി. റ്റി.കെ, ബിജു ഡി. കുറ്റിക്കാട്, ബിന്ദു. വി.ആർ, രാജി. എ.ജെ, പ്രീതി.വി.വി, ധനൂപ്. എം.എസ്, ബിന്ദു ഫ്രാൻസിസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.