കാസർകോഡ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ എം അലിക്കുഞ്ഞി മുസ്ലിയാര്‍ വഫാത്തായി. 86 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വൈകീട്ട് അഞ്ചിന് ഷിറിയ ലത്വീഫിയയിൽ നടക്കും.
ഒളയം മുഹ് യുദ്ദീൻ മുസ്ലിയാരിൽ നിന്നായിരുന്നു ദർസാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ അടുക്കൽ രണ്ട് വർഷം പഠനം നടത്തി. അൽ ബയാൻ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുൽ കലാം മുസ്ലിയാരുടെ പക്കൽ പരപ്പനങ്ങാടിയിൽ ദർസ് പഠനം തുടർന്നു. 1952ൽ പൊസോട്ട് ജുമാമസ്ജിദിൽ പൈവളിഗെ മുഹമ്മദ് ഹാജി മുസ്ലിയാരുടെ ദർസിൽ. പിറ്റേ വർഷം ഉപരിപഠനാർഥം തളിപ്പറമ്പ് ഖുവത്തുൽ ഇസ്ലാം അറബിക് കോളജിലേക്ക് പോയി. ഇ കെ അബൂബക്കർ മുസ്ലിയാരായിരുന്നു മുദർറിസ്. ഇ കെ ഹസൻ മുസ്ലിയാരും സി എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകൾ ഓതിക്കൊടുത്തത്.
1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്ജിദിൽ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു. അഞ്ചാം ക്ലാസ് വരെ സ്കൂൾ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്കൂളിലെയും ഗുരുനാഥൻ.