ബാലവേല തടയാന്‍ പ്രതിമാസ റെയ്ഡും മിന്നല്‍ പരിശോധനയും

142

കാസർകോട് : ബാലവേല തടയുന്നതിനും ഇതര സംസ്ഥാന തൊഴിലാളികളുടെ മേഖലയിലുള്ള തൊഴില്‍ ചൂഷണം തടയുന്നതിനും നടപടികള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നിര്‍ദ്ദേശം നല്‍കി. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്. എല്ലാ മാസവും ഒന്നാം തീയതി ബാലവേല റെയ്ഡ് നടത്താന്‍ യോഗം തീരുമാനിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍, ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍, പോലീസ് ,ആര്‍ ഡി ഒ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുക. എല്ലാമാസവും രണ്ടാം തീയതി ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലയിലെ ക്രഷര്‍ യൂണിറ്റുകളില്‍ ബാലവേല തടയുന്നതിന് മിന്നല്‍ പരിശോധന നടത്താനും തീരുമാനിച്ചു.ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തും.. നിയമം ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിച്ചിരിക്കുന്ന വീട്ടുടമസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ജില്ലാ ലേബര്‍ ഓഫീസരുടെ നേതൃത്വത്തിലാണ് ഈ കേന്ദ്രങ്ങളില്‍ പരിശോധന നടത്തുക.ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ആവാസ് പദ്ധതിഊര്ജിതമാക്കും.

ബാലവേലക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.ഇതര സംസ്ഥാന തൊഴിലാളി കളെ കൂടി ഉപയോഗിച്ച് മണല്‍ കടത്ത് ഉള്‍പ്പെടെയുള്ള നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കര്‍ശനമായി തടയാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലാ ലേബര്‍ ഓഫീസര്‍ ബി ദേവദാസ് , ഡി എല്‍എസ് എ സെക്ഷന്‍ ഓഫീസര്‍ കെ ദിനേശ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി എ ബിന്ദു , റെസ്‌ക്യൂ ഓഫീസര്‍ ബി അശ്വിന്‍ ,കാസര്‍കോട് വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശ്വര ,ഡി വൈ എസ് പി സതീഷ് കുമാര്‍, ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

NO COMMENTS