കാസര്‍ഗോഡ് വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെ

28

കാസറഗോഡ് : കാസര്‍ഗോഡ് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിങ്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. കാസര്‍ഗോഡ് കണ്ണൂര്‍ കോഴിക്കോട് മലപ്പുറം ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മൂന്നാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. 42,87,597 പുരുഷന്‍മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍സ്ജെന്‍റേഴ്സും അടക്കം 89,74,993 വോട്ടര്‍മാരാണ് അവസാനഘട്ടത്തിലുള്ളത്. ഇതില്‍ 71,906 കന്നി വോട്ടര്‍മാരും 1,747 പ്രവാസി ഭാരതീയ വോട്ടര്‍മാരും ഉള്‍പ്പെടുന്നു.

വോട്ടെടുപ്പ് ദിനത്തില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍

വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ കക്ഷികള്‍ അവരവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ആയിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരോ കക്ഷിയുടെ പേരോ ചിഹ്നമോ ഉണ്ടാകാന്‍ പാടില്ല.

പഞ്ചായത്തിനെ സമ്ബന്ധിച്ച്‌ പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയിലോ നഗരസഭയില്‍ 100 മീറ്റര്‍ പരിധിയിലോ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്‌ക്ക് ഉപയോഗിക്കുവാന്‍ പാടില്ല. വോട്ടെടുപ്പിന് മുമ്ബുള്ള 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യം നല്‍കുകയോ വിതരണം നടത്തുകയോ ചെയ്യരുത്.

സംഘട്ടനവും സംഘര്‍ഷവും ഒഴിവാക്കുന്നതിനായി പോളിങ് ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും നിര്‍മിക്കുന്ന ക്യാമ്ബിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടതാണ്. സ്ഥാനാര്‍ത്ഥികളുടെ ക്യാമ്ബുകള്‍ ആര്‍ഭാട രഹിതമാണെന്ന് ഉറപ്പ് വരുത്തണം. ക്യാമ്ബുകളില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല.

വോട്ടെടുപ്പ് ദിവസം വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെര്‍മിറ്റ് വാങ്ങി അതാത് വാഹനങ്ങളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുകയും ചെയ്യണം.

തിരിച്ചറിയാന്‍ എട്ട് രേഖകള്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സമ്മതിദായകര്‍ക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി എട്ട് രേഖകളില്‍ ഏതെങ്കിലും ഹാജരാക്കാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷനാണ് തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുന്‍പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷല്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്ബോള്‍ ഇവയിലെ ഏതെങ്കിലും ഒരു രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.

കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായും പാലിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ വോട്ടര്‍മാരും പോളിങ്ങ് ഉദ്യോഗസ്ഥരും പോളിങ്ങ് ഏജന്റുമാരും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെടുന്ന എല്ലാവരും മാസ്‌ക് ശരിയായ വിധം ധരിക്കണം. കൈകള്‍ സാനിറ്റെസ് ചെയ്യുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണം. വോട്ട് ചെയ്ത് തിരികെ വീട്ടില്‍ എത്തുന്നതുവരെ മാസ്‌ക് താഴ്ത്തരുത്.

വോട്ട് ചെയ്യുന്നതിന് മുന്‍പായി രജിസ്റ്ററില്‍ ഒപ്പിടുന്നതിന് പേന കൈയില്‍ കരുതുന്നത് ഉചിതമായിരിക്കും. കോവിഡ് പോസിറ്റീവ് ആയവര്‍ വോട്ടിങ്ങിനുവരുന്ന സമയത്ത് ബൂത്തിലുളളവര്‍ പിപിഇകിറ്റ് ധരിക്കുന്നതാണ്. കുട്ടികളെ യാതൊരു കാരണവശാലും പോളിങ്ങ് ബൂത്തില്‍ കൊണ്ടു പോകരുത്. തെരഞ്ഞെടുപ്പിനു ശേഷം സ്വന്തം വീടുകളില്‍ തിരികെയെത്തിയാല്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനു ശേഷം മാത്രം വീടിനുള്ളില്‍ പ്രവേശിക്കുക.

കോവിഡ് ബാധിതര്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യാം

ഡിസംബര്‍ 13 വൈകിട്ട് മൂന്ന് മുതല്‍ തെരഞ്ഞെടുപ്പ് ദിവസം (ഡിസംബര്‍ 14) വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ കോവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും പോളിംഗ് സ്റ്റേഷനില്‍ നേരിട്ടെത്തി വോട്ടു ചെയ്യാം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ ഡെസിഗ്നേറ്റഡ് ഹെല്‍ത്ത് ഓഫീസര്‍ ഫോറം 19 സിയില്‍ നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കണം. ഇവര്‍ വൈകിട്ട് ആറിന് മുമ്ബ് പോളിംഗ് സ്റ്റേഷനില്‍ എത്തണം. എന്നാല്‍ ആറിന് ക്യൂവിലുള്ള മുഴുവന്‍ സാധാരണ വോട്ടര്‍മാരും വോട്ടുചെയ്തതിനുശേഷം മാത്രമേ ഇവരെ വോട്ടുചെയ്യാന്‍ അനുവദിക്കൂ.

സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ പോളിംഗ് സ്റ്റേഷനില്‍ കയറുന്നതിന് മുമ്ബ് പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും നിര്‍ബന്ധമായും പി.പി.ഇ കിറ്റ് ധരിച്ചിരിക്കണം. തിരിച്ചറിയലിനും മഷി പുരട്ടുന്നതിനും സാധാരണ വോട്ടര്‍മാര്‍ക്കുള്ള എല്ലാ നടപടി ക്രമങ്ങളും സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് ബാധകമാണ്. എന്നാല്‍ കയ്യുറ ധരിക്കാതെ വോട്ടിംഗ് മെഷീനില്‍ സ്പര്‍ശിക്കാന്‍ പാടില്ല.

പ്രത്യേകം പേന ഉപയോഗിച്ച്‌ വേണം വോട്ടര്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയില്‍ ചികിത്സയിലുള്ളവരെ ആരോഗ്യവകുപ്പ് പോളിംഗ് സ്‌റ്റേഷനില്‍ എത്തിക്കും. സര്‍ക്കാര്‍ നിയന്ത്രിതമല്ലാത്ത സ്ഥാപനങ്ങളിലോ വീടുകളിലോ കഴിയുന്ന സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ സ്വന്തം ചെലവില്‍ പിപിഇ കിറ്റ് ധരിച്ച്‌ എത്തണം. പോളിംഗ് സ്‌റ്റേഷനിലേക്ക് വരുന്നതിനിടയില്‍ പുറത്തിറങ്ങാന്‍ പാടില്ല. ഇവരെ കൊണ്ട് വരുന്ന ഡ്രൈവര്‍മാരും പിപിഇ കിറ്റ് ധരിച്ചിരിക്കണം.

പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായിട്ടുണ്ട്. സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു.

.

NO COMMENTS