കാസര്‍കോട് – നവീകരിച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ 11ന് കായികവകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

136

കാസര്‍കോട് : അസൗകര്യങ്ങള്‍ക്കും പരാതികള്‍ക്കും ഇനി വിട. ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ് കാസര്‍കോട് ഉദയഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തിലുള്ള നവീകരിച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍. നവീകരണത്തിനായി കായിക വകുപ്പില്‍ നിന്ന് അനുവദിച്ച 1.2 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ആഗസ്റ്റ് 11ന് കായിക മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

ജില്ലയില്‍ മികച്ച കായികതാരങ്ങള്‍ ഉണ്ടായിട്ടുപോലും ഇവര്‍ക്കുള്ള പരിശീലന പരിമിതികള്‍ ഏറെയായിരുന്നു. സ്പോര്‍ട്സ് ഹോസ്റ്റലിന്റെ നവീകരണ പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇതിനെല്ലാം പരിഹാരമാകുകയാണ് കുട്ടികള്‍ക്കായി ഹോസ്റ്റലിന് അകത്ത് തന്നെ ജിംനേഷ്യവും, പഠിക്കാനുള്ള സൗകര്യങ്ങളടക്കം ആവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ട്. നിലവില്‍ രണ്ടര ഏക്കര്‍ സ്ഥലത്താണ് സ്പോര്‍ട്സ് ഹോസ്റ്റല്‍ കെട്ടിടം സ്ഥിതിചെയ്യുന്നത്. കുട്ടികള്‍ക്കായി നീന്തല്‍ കുളവും ഇന്‍ഡോര്‍ കോര്‍ട്ടും ഒരുക്കാനുള്ള പദ്ധതിയും നിലവില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

പതിനഞ്ച് വര്‍ഷം മുമ്പ് പണിത കെട്ടിടത്തില്‍ 45 കായിക വിദ്യാര്‍ത്ഥികളാണ് താമസിച്ച് പഠിക്കുന്നത്. എന്നാല്‍ പുതിയ ഹോസ്റ്റല്‍ കെട്ടിടത്തില്‍ 60 ലധികം വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. നിലവില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നത്. അത്ലറ്റിക്സ്, കബഡി, വൊളിബോള്‍ എന്നീ കായികമേഖലയിലെ കുട്ടികളാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കിടക്ക,തലയണ തുടങ്ങി ആവശ്യമായ സാധനങ്ങളെല്ലാം സ്പോര്‍ട്സ് കൗണ്‍സില്‍ ഒരുക്കും.

നവീകരിച്ച ഹോസ്റ്റല്‍ കെട്ടിടത്തിന് പുറമെ ചായ്യോത്ത് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ സ്പോര്‍ട്സ് ഡിവിഷനും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. ഏഴാം ക്ലാസിലെ മലയാളം വിഭാഗത്തിലാണ് ഇത് ആദ്യം ആരംഭിക്കുക പിന്നീട് മറ്റു ക്ലാസുകളിലേക്കും ഇതു വ്യാപിപ്പിക്കും.കൂടാതെ ജില്ലയെ കായികപരമായി ഏറെ മുന്നോട്ട് കൊണ്ടുവരാന്‍ ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, സ്പോര്‍ട്സ് കൗണ്‍സിലില്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലാ സ്റ്റേഡിയം എന്ന പ്രൊജക്ടും കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാലുകോടിയുടെ പ്രൊജക്ടാണിത്. ഇതു കൂടാതെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 കോടി ചിലവില്‍ നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കാന്‍ പോകുന്ന തൃക്കരിപ്പൂര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും ആഗസ്റ്റ് 11ന് മന്ത്രി നിര്‍വഹിക്കും.

NO COMMENTS