കാസര്‍ഗോഡ് :ഒരാളേയും മരണത്തിന് വിട്ടുകൊടുക്കാതെ കേരളത്തിൽ ഏറ്റവും കൂടുതൽ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ജില്ലയായി കാസർഗോഡ് മാറി. അവസാനത്തെ രോഗിയുടേയും പരിശോധനാ ഫലം നെഗറ്റീവായതോടെയാണ് കാസർഗോഡ് കോവിഡ് വിമുക്ത ജില്ലയായത്.
ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 178 രോഗികളേയാണ് ചികിത്സിച്ച് ഭേദമാക്കിയത്. ഇതിൽ വിദേശത്തുനിന്ന് വന്നവർ 108 പേരും സമ്പർക്കത്തിൽ കൂടി രോഗം പകർന്നവർ 70 പേരും ആണ്. കാസർഗോഡ് ജില്ലാശുപത്രിയിൽ 43 പേരെയും ജനറൽ ആശുപത്രിയിൽ 89 പേരെയും കാസർഗോഡ് മെഡിക്കൽ കോളേജിൽ 24 പേരെയുമാണ് ചികിത്സച്ചത്.
അതോടൊപ്പം പരിയാരം മെഡിക്കൽ കോളേജിൽ 20 പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ 2 പേരെയും ചികിൽസിക്കുകയുണ്ടായി.
കേരളത്തിനഭിമാനമായി മികച്ച ചികിത്സ നൽകി എല്ലാവരേയും രോഗമുക്തിയാക്കിയ ഡോക്ടർമാർ, നഴ്സുമാർ ഉൾപ്പെടെ എല്ലാ ആരോഗ്യ പ്രവർത്തകർക്കും ഐ.ഡി.എസ്.പി. യൂണിറ്റ്, എൻ.എച്ച്.എം. സ്റ്റാഫ്, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളേജുകളിലെ ടീമുകൾക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി അറിയിച്ചു.
റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ, ജില്ലയിലെ കോവിഡ് പ്രതിരോധ സ്പെഷ്യൽ ഓഫീസറായ അൽകേഷ് കുമാർ ശർമ, ജില്ലാ കളക്ടർ ഡോ. സജിത് ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാംദാസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രാമൻ സ്വാതിവാമൻ, ജില്ലാ സർവയലൻസ് ഓഫീസർ ഡോ. എ.ടി. മനോജ്, കാസർഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. രാജേന്ദ്രൻ, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവരുടെ ഏകോപനത്തിൽ ജില്ലയിൽ മികച്ച പ്രവർത്തനങ്ങളാണ് നടന്നത്.
ഐ.ജി. വിജയ് സാക്കറുടെ നേതൃത്വത്തിൽ പോലീസ് സംവിധാനം ഉണർന്നു പ്രവർത്തിക്കു കയും ഡ്രോൺ നിരീക്ഷണത്തിലൂടെ സാമൂഹ്യ വ്യാപനം തടയുന്നതിനായി ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പിലാക്കുകയും ചെയ്തു. ലോക് ഡൗൺ ശക്തമായി നടപ്പിലാക്കി സമൂഹ വ്യാപനം തടയാൻ പ്രധാന പങ്ക് വഹിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥർ, മറ്റ് വകുപ്പുകൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരേയും നന്ദി അറിയിക്കുന്നു.
മറ്റ് രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇനിയും രോഗികളെത്തുമെന്നതിനാൽ ഇതേ ജാഗ്രത തുടരണമെന്നും മന്ത്രി വ്യക്തമാക്കി.ഒരുഘട്ടത്തിൽ ഏറെ ആശങ്കയുണ്ടാക്കിയ ജില്ലയിൽ നിന്നാണ് കാസർഗോഡ് മുക്തമാകുന്നത്. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം വലിയ പ്രവർത്തനമാണ് കാസർഗോഡ് നടന്നത്.
ചൈനയിലെ വുഹാനിൽ കോവിഡ് ബാധ വ്യാപിച്ചപ്പോൾ തന്നെ ജില്ലയിൽ ജാഗ്രതാ പൂർണമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജനുവരി 25ന് തന്നെ കോവിഡ് കൺട്രോൾ സെൽ ആരംഭിച്ചു. ഫെബ്രുവരി മൂന്നിനാണ് കേരളത്തിൽ മൂന്നാമതായി കാസർകോട് ജില്ലയിൽ വുഹാനിൽ നിന്നെത്തിയ വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആശുപത്രികൾ കോവിഡ് ചികിത്സയ്ക്കും പ്രതിരോധത്തിനുമായി ശക്തിപ്പെടുത്തി.
മാർച്ച് 12 മുതൽ സർക്കാർ സർക്കാരിതര ആശുപത്രികളിൽ കോവിഡ് ഹെൽപ്പ് ഡസ്‌ക്കുകൾ ആരംഭിച്ച് വിദേശത്തു നിന്നും വരുന്നവരുടെ വിവരശേഖരണം നടത്തി പ്രതിരോധ-അവബോധ മാർഗങ്ങൾ സ്വീകരിച്ചു. മാർച്ച് 15 മുതൽ ജില്ലാ അതിർത്തികളിലും റെയിൽവേ സ്റ്റേഷനികളിലും ഹെൽപ് ഡെസ്‌കുകളും സ്‌ക്രീനിംഗ് ക്യാമ്പുകളും ആരംഭിച്ചു. ബ്രേക്ക് ചെയിൻ ദ ക്യാമ്പയിൻ ശക്തമായി നടപ്പിലാക്കി.
മാർച്ച് 17 മുതലാണ് ജില്ലയിൽ കോവിഡ് കേസുകൾ ദിവസേന റിപ്പോർട്ട് ചെയ്തു തുടങ്ങിയത്. തുടർന്ന് ടെലി കൗൺസിലിംഗ് 5 ഹെൽപ് ഡെസ്‌കുകൾ എന്നീ സംവിധാനങ്ങൾ ഒരുക്കി കോവിഡ് സെൽ വിപുലീകരിച്ചു. കാസർഗോഡ് ജനറൽ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി. സർക്കാരിന്റെ നിർദ്ദേശ പ്രകാരം നാല് ദിവസത്തിനുള്ളിൽ മെഡിക്കൽ കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അത്യാധുനിക സൗകര്യങ്ങളുള്ള 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചു.
മെഡിക്കൽ കോളേജിനായി 273 തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ടീം, കോട്ടയം മെഡിക്കൽ കോളേജ് ടീം, ആലപ്പുഴ മെഡിക്കൽ കോളേജ് ടീം എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാ സേവനങ്ങൾ ഉറപ്പുവരുത്തി.
താഴെത്തട്ടിൽ പൊതുജനങ്ങൾക്ക് ഭക്ഷണലഭ്യത ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുകയും കൂടാതെ ആവശ്യമുള്ളവർക്ക് ഫുഡ് കിറ്റുകൾ നൽകുകയും ചെയ്തു. അതിഥി ദേശ തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്താനും അവരിലേക്ക് രോഗ പകർച്ച ഇല്ലാതിരിക്കുന്നതിനും വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
മികച്ച പ്രതിരോധ പ്രവർത്തനങ്ങളുടെയും ചികിത്സാ സേവനങ്ങളുടെയും ഫലമായി ഏപ്രിൽ നാലോടുകൂടി ജില്ലയിൽ കേസുകൾ കുറഞ്ഞു വരികയും കൂടുതൽ പേരെ ഡിസ്ചാർജ് ചെയ്യുവാനും തുടങ്ങി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സാമൂഹ്യ വ്യാപനം മനസിലാക്കുന്നതിന് ഗൃഹസന്ദർശന സർവ്വേ ആരംഭിക്കുകയും രോഗ ലക്ഷണം ഉള്ളവരെ പരിശോധനയ്ക്ക് അയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.
പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 75 ലക്ഷവും കോവിഡ് പാക്കേജിലൂടെ അനുവദിച്ച 3.95 കോടി രൂപയും ജില്ലയ്ക്കനുവദിച്ചു. കൂടാതെ കാസർഗോഡ് മെഡിക്കൽ കോളേജിനെ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് 7 കോടി രൂപ അനുവദിച്ചു.
അതിർത്തികളിൽ മേയ് 3 മുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടതോടുകൂടി വിവിധ സംസ്ഥാനങ്ങളിൽ നിന്നും ജില്ലക്കകത്തേക്ക് വരുന്ന ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാകുന്നതിന് തലപ്പാടി, കാലിക്കടവ് എന്നിവിടങ്ങളിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന മെഡിക്കൽ സംഘം ഈ സ്‌ക്രീനിങ് ക്യാമ്പുകളിൽ പ്രവർത്തിച്ചു വരുന്നു