കാസറഗോഡ്: അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ജില്ലയിലെ വിദ്യാലങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. മധ്യവേനല്‍ അവധിക്കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ അധ്യയനവര്‍ഷത്തിലേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ വിപുലമായ പരിപാടികളാണ് ജില്ലാതലത്തിലും ഉപജില്ലാതലത്തിലും സംഘടിക്കുന്നത്.
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് കാസറഗോഡ് ബന്തടുക്ക ജി.എച്ച്.എസ്.എസില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ നിര്‍വഹിക്കും. ചിറ്റാരിക്കല്‍ ഉപജില്ലാ പ്രവേശനോത്സവം കുമ്പളപ്പള്ളി എസ് കെ ജി എംയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ചെറുവത്തൂര്‍ ഉപജില്ലാ പ്രവേശനോത്സവം ചെറിയാക്കര ജി എല്‍ പി എസില്‍ എം.രാജഗോപാലന്‍ എംഎല്‍എയും ഹൊസ്ദുര്‍ഗ് ഉപജില്ലാ പ്രവേശനോത്സവം പടന്നക്കാട് ജി എല്‍ പി എസില്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശ നും ഉദ്ഘാടനം ചെയ്യും.
ബേക്കല്‍ ഉപജില്ല പ്രവേശനോത്സവം തിരുവക്കോളി ജി എല്‍ പി എസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരിയും കുമ്പള ഉപജില്ലയുടേത് കുമ്പള ജി എല്‍ പി എസില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ചായിന്റടിയും മഞ്ചേശ്വരം ഉപജില്ലാ പ്രവേശനോത്സവം പെര്‍മുഡ ബി ടി സി എല്‍ പി എസില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ് ഉദ്ഘാടനം ചെയ്യും.
വിവിധങ്ങളായ പരിപാടികളാണ് പ്രവേശനോത്സവത്തില്‍ ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍പടി കടന്നെത്തുന്ന കുരുന്നുകള്‍ക്ക് ആദ്യദിനത്തിലെ പരിഭ്രമവും പേടിയും അകറ്റാനായി അധ്യാപകരുടെയും സ്‌കൂള്‍ പി ടി എ യുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ പരിപാടികള്‍ ഓരോ സ്‌കൂളുകളിലും സംഘടിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും വാദ്യമേളങ്ങളോടെയാണ് വിദ്യാര്‍ഥികളെ സ്വീകരിക്കുന്നത്.
താളക്കൊഴുപ്പിനൊപ്പം മധുരപ്പലഹാരങ്ങളും സ്‌കൂള്‍ യൂണിഫോമും പുസ്തകങ്ങളും കിറ്റുകളും കുരുന്നുകള്‍ക്ക് വിതരണം ചെയ്യും. കൂടാതെ പാഠപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ ചുവരുകളിലൂടെ കുട്ടികളിലേക്ക് എത്തുന്ന രീതിയില്‍ വര്‍ണാഭമായാണ് ക്ലാസ് മുറികളും ചുവരുകളും സജ്ജമാക്കിയിട്ടുള്ളത്.