കാസര്‍കോട് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി

102

കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം നാലു ദിവസം കൊണ്ടാണ് മെഡിക്കല്‍ കോളേജിനെ അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായി യുദ്ധകാലാടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചത്.

കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് ഇവിടെ തയ്യാറാക്കിയിട്ടുള്ളത്.പിന്നീട് 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും.. ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കെ എസ് ഇ ബി പത്ത് കോടി രൂപ സാമൂഹ്യ പ്രതിബദ്ധത ഫണ്ടില്‍ നിന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാജ്യത്താകെ പ്രഖ്യാപിച്ച ലോക് ഡൗണ്‍ കാരണം മെഡിക്കല്‍ കോളേജിലേക്ക് ഓര്‍ഡര്‍ ചെയ്ത് വെന്റിലേറ്റേര്‍ അടക്കമുള്ള പല ഉപകരണങ്ങളും പലയിടങ്ങളിലായി തടസപ്പെട്ട് കിടക്കുകയാണ്. ഇത് ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്.

മെഡിക്കല്‍ കോളേജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് പരിസരത്ത് 160 കെ വി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മാര്‍ച്ച് പതിനഞ്ചിന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു.

ജനറല്‍ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്ത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.

NO COMMENTS