കാസര്‍കോട് റെയില്‍വെ പരിസരത്ത് പൂന്തോട്ടം നിര്‍മ്മിച്ച് കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കുമെന്നും അതോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്റെ മുഖച്ഛായ തന്നെ മാറുമെന്നും ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. കാസര്‍കോട് താലൂക്ക് വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാഫിക്ക് കുറക്കാന്‍ ടി റോഡ് പദ്ധതി
തളങ്കര പള്ളി മുതല്‍ കറന്തക്കാട് വരെയുള്ള റോഡ് വികസിപ്പിക്കുകയും ട്രാഫിക്ക് കുറക്കാന്‍ പ്രസ് ക്ലബ് ജംഗ്ഷന്‍ മുതല്‍ റെയിലെ സ്റ്റേഷന്‍ വരെയും കറന്തക്കാട് വരെയും പുതിയ ടി റോഡ് പദ്ധതി കൊണ്ടുവരും. ഈ പദ്ധതി പ്രകാരം പഴയ ബസ്റ്റാന്റ് പരിസരം മുതല്‍ റെയില്‍വേ, കറന്തക്കാട് ഭാഗങ്ങളിലേക്കുള്ള റോഡും നവീകരിക്കും. ഇതോടെ ഇന്റര്‍ലോക്ക് ചെയ്ത റോഡുകളും, ടൈല്‍ പതിച്ച് കൈവരിയോടുകൂടിയ നടപ്പാതയും നഗരത്തിന്റെ മുഖച്ഛായ മാറ്റും. കൂടാതെ വിവിധ ബസ് സ്റ്റോപ്പുകളില്‍ വൈഫൈ സംവിധാനവും നടപ്പിലാക്കും.
പതിനെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ പുലിക്കുന്നില്‍ പുതിയതായി പണികഴിപ്പിക്കുന്ന ഓഫീസ് കോപ്ലക്സിലേക്ക് മാറും. നിലവില്‍ ഒരു മ്യൂസിയം പോലും ഇല്ലാത്ത ജില്ലയില്‍ കാസര്‍കോട് താലൂക്ക് ഓഫീസ് പൈതൃക മ്യൂസിയമായി മാറും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പന്ത്രണ്ട് കോടി രൂപ ചിലവില്‍ കോളിയടുക്കത്ത് വലിയ ഗ്രൗണ്ട് നിര്‍മ്മിച്ച് ജില്ലാ സ്റ്റേഡിയം നിര്‍മ്മിക്കും. നായന്മാര്‍ മൂലയില്‍ ജില്ലയിലെ ആദ്യത്തെ ടെന്നീസ് കോര്‍ട്ട് നിര്‍മ്മിക്കും. 200 എസ്.സി, എസ്.ടി കുട്ടികള്‍ക്ക് താമസിച്ച് പി.എസ്.സി കോച്ചിങ് നടത്താനുള്ള സൗകര്യം പരിഗണനയിലാണ്. 2.8 കോടി രൂപ ചിലവില്‍ സദ്ഭാവന മന്ദിരം നിര്‍മ്മിക്കും.
25 വയസിന് താഴെയുള്ള മൊബൈല്‍ ഫോണ്‍, മയക്കു മരുന്ന് എന്നിവയ്ക്ക് അടിമയായ കുട്ടികള്‍ക്ക് നേരായ വഴി കാണിക്കാന്‍ ആവശ്യമായ പദ്ധതി തുടങ്ങി ഒരുപാട് ബൃഹദ് പദ്ധതികളാണ് ജില്ലയില്‍ ഒരുങ്ങുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കാസര്‍കോട് താലൂക്ക് വികസന സമിതി ചേര്‍ന്നു
വിവിധ ഹോട്ടലുകള്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് വ്യത്യസ്ത വിലകള്‍ ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് നഗര ത്തിലെ ഹോട്ടലുകളില്‍ സംയുക്ത റെയ്ഡ് നടത്തുവാന്‍ കാസര്‍കോട് താലൂക്ക് വികസന സമിതി തീരുമാനിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ സ്പെഷ്യല്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ കവാടം മോടി പിടിപ്പിക്കും.
കാസര്‍കോട് പുതിയ സ്റ്റാന്റ്, പഴയ സ്റ്റാന്റ് പരിസരങ്ങളില്‍ ഹൈപ്രഷര്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിത രണം സുഗമമാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. താലൂക്ക് ഭരണ സമിതിയോഗത്തില്‍ ഉത്തര വാദിത്തപ്പെട്ട എല്ലാ ഉദ്യാഗസ്ഥരും പങ്കെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് അധ്യക്ഷയായി. ഡെപ്യൂട്ടി കളക്ടര്‍ (ലാന്റ് റവന്യൂ) അഹമ്മദ് കബീര്‍, താഹസില്‍ദാര്‍(ഭൂരേഖ)എല്‍.എസ് അനിത, തഹസില്‍ദാര്‍ എ.വി രാജന്‍, എന്നിവര്‍ സംസാരിച്ചു.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു