കാസര്‍ഗോഡ്: ഇസ്ളാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട് ആരോപണത്തില്‍ കുടുങ്ങിയിട്ടുള്ള കാസര്‍ഗോഡ് നിന്നും കാണാതായവരുടെ മൊബൈല്‍ സന്ദേശം വീണ്ടും. ഐഎസിന്റെ അധീന പ്രദേശങ്ങളില്‍ എത്തി എന്ന് സംശയിക്കുന്ന കാണാതായ അഷ്ഫാക്ക് എന്നയാളുടെ സന്ദേശമാണ് ലഭിച്ചിരിക്കുന്നത്.നാടുവിട്ടെന്ന് സംശയിക്കുന്നവരില്‍ പെടുന്ന ഡോ. ഹിജാസിന്റെ ഭാര്യ റുഫൈല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്നായിരുന്നു സന്ദേശം. അഷ്ഫാക്കിന്റേതായിരുന്നു സന്ദേശം. ഹിജാസിന്റെ സഹോദരിയുടെ ഫോണിലേക്ക് ടെലിഗ്രാമായി വന്ന സന്ദേശം കുടുംബം മുന്‍പ് ചെയ്തിരുന്നത് പോലെ തന്നെ എന്‍ഐഎയ്ക്ക് കൈമാറി. ഒരു മാസം മുന്‍പും സമാനഗതിയില്‍ വന്ന സന്ദേശം കുടുംബം എറണാകുളത്തെ എന്‍ഐഎ കേന്ദ്രത്തിന് കൈമാറിയിരുന്നു.തങ്ങള്‍ സുരക്ഷിതരായി എത്തിയെന്നും താമസ സ്ഥലം കിട്ടിയെന്നും പുറത്തുവരുന്ന മാധ്യമ റിപ്പോര്‍ട്ട് തെറ്റാണെന്നും മറ്റുമായിരുന്നു സന്ദേശത്തില്‍ പറഞ്ഞിരുന്നത്. അതേസമയം രണ്ടു സന്ദേശങ്ങളും അന്വേഷണം നടത്തുകയാണ് എന്‍ഐഎ. എവിടെ നിന്നാണ് സന്ദേശം വന്നത് എന്ന കാര്യമാണ് ഇവര്‍ പ്രധാനമായും അന്വേഷണം നടത്തുന്നത്.