കാസര്‍കോട്: കാസര്‍കോട് മദ്രസാ അധ്യാപകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാസര്‍കോട് ടൗണ്‍ പോലീസ് നിരവധി കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളിലായി ആയിരത്തോളം പ്രതികളുണ്ട്. അണങ്കൂരിലെ ലോകേഷ് കുമാറിന്റെ വര്‍ക്ക് ഷോപ്പ് തകര്‍ത്ത് മുപ്പതിനായിരം രൂപയുടെ നഷ്ടം വരുത്തിയതിന് 50 പേര്‍ക്കെതിരെയും പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മൊഗ്രാല്‍ പുത്തൂരിലെ നിഷാന്തിനെയും സുഹൃത്തുക്കളെയും ചൗക്കി ജംഗ്ഷനില്‍ മര്‍ദിച്ചതിന് സിനാന്‍, സഫ്രാദ്, ബിലാല്‍ തുടങ്ങി അഞ്ചുപേര്‍ക്കെതിരെയും ചൗക്കിയില്‍ വെച്ച് സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍കുമാറിനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് 100 പേര്‍ക്കെതിരെയും ചെമ്മനാട്ടെ കുഞ്ഞിരാമനെ മര്‍ദിച്ചതിന് മനാഫ്, ഷാജിദ്, ഫസല്‍, അജ്മല്‍, സിയാദ് എന്നിവര്‍ക്കെതിരെയും ചളിയങ്കോട് പാലത്തിന് സമീപം കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തതിന് യൂസഫിന്റെ പരാതിയില്‍ മഹേഷ്, ശൈലേഷ്, മിഥുന്‍കുമാര്‍, സൂര്യന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു. കാര്‍ തകര്‍ത്തതില്‍ അമ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
ചെമ്മനാട് തായന്നൂര്‍ മേലത്ത് തറവാടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് 3000 രൂപയുടെ നഷ്ടം വരുത്തിയതിന് ചെമ്മനാട് വണ്ണാത്തിക്കടവിലെ മാധവന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും ചളിയങ്കോട്ട് ലീഗ് നേതാവ് ടി ഡി കബീറിനെ കാര്‍ തടഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്തതിന് രാജു, പ്രദീപ്, ഉണ്ണി, വൈശാഖ് എന്നിവര്‍ക്കെതിരെയും ബെള്ളൂരില്‍ വീടും കാറും തകര്‍ത്ത് 35000 രൂപയുടെ നഷ്ടം വരുത്തിയതിന് മുഹമ്മദ് ഫൈസലിന്റെ പരാതിയില്‍ രഞ്ജു, ഗൗരിശേഖര്‍, മുത്തു, ശരവണന്‍, ഗണേഷ് എന്നിവര്‍ക്കെതിരെയും ബെള്ളൂരില്‍ വീടും അംബാസിഡര്‍ കാറും തകര്‍ത്ത് 10000 രൂപയുടെ നഷ്ടം വരുത്തിയതിന് മുഹമ്മദ് ഷാഫിയുടെ പരാതിയില്‍ ഗൗരി ശേഖര്‍, മുത്തു, രഞ്ജു തുടങ്ങി 30 പേര്‍ക്കെതിരെയും കേസെടുത്തു. ആനവാതുക്കലില്‍ ഗണേഷ് പൈയുടെ വീടും കാറും തകര്‍ത്ത് 60,000 രൂപയുടെ നഷ്ടം വരുത്തിയതിന് 100 പേര്‍ക്കെതിരെയും റെയില്‍വെസ്‌റ്റേഷന്‍ റോഡിലെ ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ തകര്‍ത്ത് രണ്ട് ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതിന് ബീച്ച് റോഡിലെ പ്രകാശ് കാരന്തിന്റെ പരാതിയില്‍ 100 പേര്‍ക്കെതിരെയും കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ പോലീസുദ്യോഗസ്ഥനെകല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചതിന് നൂറു പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
മൊഗ്രാല്‍ പുത്തൂര്‍ ബദര്‍നഗറില്‍ സി ജയരാജിനെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു. ബെള്ളൂരില്‍ ബൈക്ക് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ ജയരാജന്റെ പരാതിയില്‍ സനദ്, സാബിര്‍, ആഷിഖ്, മഹ് മൂദ് തുടങ്ങി പതിനഞ്ചുപേര്‍ക്കെതിരെയും ഉള്ളാള്‍ ഉപ്പത്തടുക്കയിലെ അരുണ്‍കുമാറിനെ ചൂരിയില്‍ ബൈക്ക് തടഞ്ഞ് മര്‍ദിച്ചതിന് 11 പേര്‍ക്കെതിരെയും കോട്ടക്കണിയില്‍ മനോജ്കുമാറിനെ മര്‍ദിച്ചതിന് 50 പേര്‍ക്കെതിരെയും മീപ്പുഗുരിയില്‍ സന്തോഷിനെ ബൈക്ക് തടഞ്ഞ് മര്‍ദിച്ചതിന് റമീസ് തുടങ്ങി 27 പേര്‍ക്കെതിരെയും മുജിരിക്കരയില്‍ എം ഹരീഷിനെ മര്‍ദിച്ചതിന് ആഷിഖ്, സമദ്, ഇസ്ഹാഖ്, മഹ് മൂദ് തുടങ്ങി 25 പേര്‍ക്കെതിരെയും കേസെടുത്തു.