ജമ്മു• കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞ് കുടുങ്ങിയ അഞ്ച് സൈനികരെ രക്ഷപ്പെടുത്തി. മാച്ചില്‍ സെക്ടറില്‍ കുടുങ്ങിയ 56 ആര്‍ആര്‍ വിഭാഗത്തിലെ സൈനികരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് സൈനിക വക്താവ് അറിയിച്ചു. സൈനിക പട്രോളിങിനിടെയാണ് അപകടമുണ്ടായത്. ഹിമപാതത്തില്‍ ഇതുവരെ 15 സൈനികരുടെ ജീവനാണ് നഷ്ടമായത്. അഞ്ചു പ്രദേശവാസികളും അപകടത്തില്‍ മരിച്ചു. കനത്ത മഞ്ഞുവീഴ്ചയാണ് കശ്മീര്‍ നേരിടുന്നത്. മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുപ്വാര, ബന്ദിപ്പോറ, ബാരാമുള്ള, ഗാന്ദെര്‍ബാല്‍, കുല്‍ഗാം, ബുദ്ഗാം കാര്‍ഗില്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഏറ്റവും കൂടുതല്‍ ഹിമപാതത്തിനു സാധ്യതയുള്ള സ്ഥലങ്ങള്‍. 24 മണിക്കൂര്‍ മുന്നറിയിപ്പാണ് ഇവിടുള്ളവര്‍ക്കു നല്‍കിയിട്ടുള്ളത്. ബന്ദിപ്പോറ ജില്ലയിലെ ഉയര്‍ന്ന മലനിരകള്‍ക്കിടയിലാണ് ഗുരെസ് സ്ഥിതി ചെയ്യുന്നത്. 11,000 അടി ഉയരത്തിലുള്ള റോഡാണ് ഗുരെസിനെ കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മഞ്ഞുവീഴ്ചയില്‍ ഏഴ് അടിയോളം മഞ്ഞാണ് ഗുരെസില്‍ വീണത്.