ശ്രീനഗര്‍: കാശ്മീരില്‍ ഹുറിയത്ത് മിതവാദി വിഭാഗം നേതാവ് മിര്‍വായീസ് ഉമര്‍ ഫാറൂഖ് അറസ്റ്റിലായി. വീട്ടു തടങ്കലിലാക്കിയിരുന്നെങ്കിലും മിര്‍വായീസിനെ ഇതാദ്യമായാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച ഈദ്ഗാഹ് മേഖലയിലേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമത്തിനിടെ മിര്‍വായീസിനെ ചെഷ്മ ശാഹിയിലെ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെയാണ് സബ് ജയിലിലേക്ക് മാറ്റിയിരുന്നത്.
മിര്‍വായീസിന്റെ അറസ്റ്റ് മേഖലയില്‍ ക്രമസമാധാനം പുനസ്ഥാപിക്കുന്നത് വരെയുള്ള സാധാരണ നടപടിക്രമം മാത്രമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നഈം അക്തര്‍ അറിയിച്ചു. മിര്‍വായീസിന്റെ അറസ്റ്റിനെ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി അപലപിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭീരുത്വപരമായ നടപടിയാണ് അറസ്റ്റെന്ന് ഗീലാനി പറഞ്ഞു. വെള്ളിയാഴ്ച ഗീലാനിയെയും പോലീസ് അറസ്റ്റ് ചെയ്ത് വീട്ടു തടങ്കലിലിട്ടിരുന്നു. ജൂലൈയില്‍ ഹിസ്ബുള്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധം കാശ്മീരില്‍ ഇപ്പോഴും തുടരുകയാണ്. ഭൂരിഭാഗം മേഖലകളിലും നിരോധനാജ്ഞ തുടരുന്ന കശ്മീരില്‍ 70 സിവിലിയന്‍സാണ് ഇതേ വരെ കൊല്ലപ്പെട്ടത്.