ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് കവര്‍ച്ച പെരുകുന്നതിനാല്‍ പണമിടപാടുകൾ നിർത്തിവയ്ക്കാൻ ജമ്മു & കാഷ്മീർ ബാങ്ക് തീരുമാനിച്ചു.ജമ്മു കശ്മീര്‍ ബാങ്കിന്റെ 40 ശാഖകളില്‍ നിന്നും പണമിടപാടുകള്‍ മരവിപ്പിക്കാന്‍ തീരുമാനം. പള്‍വാമ, ഷോപ്പിയന്‍ ജില്ലകളില്‍ സ്ഥിതി ചെയ്യുന്ന ബാങ്കുകളിലെ പണമിടപാടുകളാണ് മരവിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ബാങ്കുകള്‍ക്ക് നേരെ 13 ആക്രമണങ്ങള്‍ ഉണ്ടാവുകയും, 92 ലക്ഷം രൂപ കവരുകയും ചെയ്തിരുന്നു. മെയ് മാസത്തില്‍ തന്നെ നാല് ബാങ്ക് കവര്‍ച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച കുൽഗാമിൽ ബാങ്കിലെ പണവുമായി പോയ വാൻ ആക്രമിച്ച് അഞ്ച് പൊലീസുകാര്‍ക്കും, സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിവെച്ച ശേഷം ഭീകരര്‍ കവര്‍ച്ച നടത്തിയത്. പിന്നാലെയാണ് പണമിടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ സുരക്ഷ ഉറപ്പാക്കിയ ശേഷം പണമിടപാടുകള്‍ ഉടന്‍ തന്നെ പുനര്‍സ്ഥാപിക്കുമെന്നും ജെ ആന്റ് കെ ബാങ്ക് കോര്‍പറേറ്റ് ആന്റ് കമ്മ്യൂണിക്കേഷന്‍ മേധാവി സജ്ജദ് ബസാസ് അറിയിച്ചു.തങ്ങളുടെ കൈയില്‍ ആവശ്യത്തിലധികം പണമുണ്ടെന്നാണ് ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നത്.