ശ്രീനഗര്‍: ജമ്മുകശ്മീരിലെ സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 29 അംഗ സര്‍വ്വകക്ഷി സംഘം നാളെ ശ്രീനഗറിലെത്തും. വിഘടനവാദി നേതാക്കളുമായി ചര്‍ച്ച വേണമെന്നും ജമ്മുകശ്മീര്‍ മുഖ്യമന്ത്രി അവരെ ക്ഷണിക്കണമെന്നും ഇടതുപക്ഷം ദില്ലിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. സംഘര്‍ഷം നിയന്ത്രിക്കുന്നത് അദ്യശ്യ ശക്തികളാണെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.
ജമ്മുകശ്മീരില്‍ ബുര്‍ഹാന്‍ വാണിയുടെ വധത്തിനു ശേഷം തുടങ്ങിയ സംഘര്‍ഷം 56 ദിവസം പിന്നിടുമ്പോഴാണ് സര്‍വ്വകക്ഷി സംഘം ജമ്മുകശ്മീരിലേക്ക് പോകുന്നത്. ആദ്യം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണുന്ന സംഘം പിന്നീട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കാണും. വെറുതെ പോയതു കൊണ്ടു കാര്യമില്ലെന്ന് പ്രതിപക്ഷം ആഭ്യന്തര മന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പറഞ്ഞു. വിഘടനവാദി നേതാക്കളുമായി ചര്‍ച്ച വേണമെന്ന് സിപിഎമ്മും സിപിഐയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കള്‍ ഈ നിര്‍ദ്ദേശത്തെ അനുകൂലിച്ചു.
കേരളത്തില്‍ നിന്ന് എന്‍കെ പ്രേമചന്ദ്രന്‍, ഇ അഹമ്മദ് എന്നീ നേതാക്കള്‍ സംഘത്തിലുണ്ട്. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷം നിയന്ത്രിക്കുന്നത് അദൃശ്യ നേതൃത്വം ആണെന്നാണ് സര്‍ക്കാര്‍ യോഗത്തെ അറിയിച്ചത്. പ്രതിഷേധത്തിന്റെ മറവില്‍ ഗ്രനേഡ് ഏറിയുന്നത് സായുധരായ ഭീകരരാണെന്നും സര്‍ക്കാര്‍ റിപ്പോര്‍ട്ട പറയുന്നു. വിഘടനവാദികള്‍ ചര്‍ച്ചയ്ക്കു തയ്യാറാവുന്നെങ്കില്‍ തിങ്കളാഴ്ച ഇതു നടക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകും.