ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് അധികൃതര്‍. നൗഹാട്ട,റെയ്ന്‍വാരി,കന്യാര്‍,എം.ആര്‍ ഗുഞ്ച്, സഫാകടാല്‍,ക്രാല്‍ഖണ്ഡ്, ശ്രീനഗറിലെ മൈസ്യൂമ തുടങ്ങിയ ഏഴോളം നഗരങ്ങളിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഹുറിയത്ത് രണ്ട് ദിവസത്തെ ബന്ദിനും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച്ച രാവിലെ മുതല്‍ സാങ്കല്‍പ്പികമായി സീല്‍ ചെയ്ത നഗരത്തിലേക്കുള്ള എല്ലാ വാഹന ഗതാഗതങ്ങളും തടഞ്ഞിട്ടുണ്ട്. ശ്രീനഗറിലെ പഴയ നഗര പ്രദേശങ്ങളില്‍ വലിയ തോതില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. കശ്മീരിനു പുറത്തേക്കുള്ള ഫോണ്‍വിളികള്‍ തടയുക എന്ന ലക്ഷ്യത്തോടെ ശനിയാഴ്ച രാവിലെ മുതല്‍ എല്ലാവിധ ടെലിഫോണ്‍ ബന്ധങ്ങളും തടഞ്ഞിരുന്നു. ബരാമുള്ള മുതല്‍ ബന്നിഹാല്‍ വരെയുള്ള എല്ലാ വിധ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. ഞായറാഴ്ച്ച നടത്താന്‍ നിശ്ചയിച്ചിരുന്ന സിവില്‍സര്‍വീസ് പരീക്ഷ റദ്ദാക്കി. കാശ്മീര്‍ താഴ്‌വരയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച വരെ അടച്ചിടാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.