ന്യൂഡല്‍ഹി : ജമ്മുകാഷ്മീരില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഹിസ്ബുള്‍ മുജാഹുദ്ദീന്‍ തീവ്രവാദി ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ടതിന്റെ വാര്‍ഷികത്തില്‍ അക്രമസംഭവങ്ങള്‍ ഒഴിവാക്കാനാണ് പോലീസ് സാമൂഹികമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് നിരോധനം നിലവില്‍വരുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ദേശവിരുദ്ധ ആശയങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് തടയാനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 10 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് വിലക്ക്. നിലവില്‍ 21,000 അര്‍ധ സൈനികരെ അധികമായി കാഷ്മീരില്‍ വിന്യസിച്ചിട്ടുണ്ട്. വാണിയുടെ ചരമവാര്‍ഷികത്തില്‍ ഭീകരാക്രമണം ഉണ്ടാകാനുള്ള സാധ്യത കണിക്കിലെടുത്താണിത്. കാഷ്മീരില്‍ ഏതുതരത്തിലുള്ള സാഹചര്യവും നേരിടാന്‍ സൈന്യം തയാറെടുത്തിട്ടുണ്ടെന്ന് കേന്ദ്രആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. കേന്ദ്രസേനയുടെ 214 കമ്ബനികള്‍ കാഷ്മീരിലേക്ക് അയച്ചിട്ടുണ്ട്. അമര്‍നാഥ് യാത്രയ്ക്കു തടസമുണ്ടാകാതിരിക്കാന്‍ പ്രത്യേക തയാറെടുപ്പ് നടത്തിയതായും രാജീവ് മെഹര്‍ഷി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടാം തീയതിയാണ് ബുര്‍ഹാന്‍ വാണി സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.