ശ്രീനഗര്‍ • ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ മിനി സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തീയിട്ടു. ജനങ്ങള്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് വഴിതെളിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഘര്‍ഷത്തിനു പരിഹാരം തേടി സര്‍വകക്ഷി സംഘം കശ്മീരിലെത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. സംഘം കശ്മീരിലെത്തി. 58-ാം ദിവസവും കശ്മീരില്‍ ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല.ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലാണ് എംപിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കശ്മീര്‍ താഴ്‍വരയില്‍ എത്തിയത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും.പ്രശ്നപരിഹാരത്തിനായി വിഘടനവാദി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിക്കണമെന്നാണ് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഹുറിയത്ത് നേതാക്കളേയും ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആവശ്യപ്പെട്ടിരുന്നു.എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഘര്‍ഷം പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുമായും സംഘടനകളുമായും ചര്‍ച്ച നടത്തുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. എന്നാല്‍, കശ്മീരിലെ പൗരപ്രമുഖരായ വ്യാപാരി സംഘടനകള്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നറിയിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ ഇടപെടല്‍ വാക്കുകളിലൊതുങ്ങുന്നുവെന്നാരോപിച്ചാണ് സംഘടനകള്‍ വിട്ടുനില്‍ക്കുന്നത്.
ജൂലൈ എട്ടിന് ഹിസ്ബുല്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് താഴ്‍വരയില്‍ സംഘര്‍ഷം തുടങ്ങിയത്. 70 പേര്‍ക്കാണ് സംഘര്‍ഷങ്ങളില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്.