കശ്മീര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു. മറ്റൊരു സൈനികന് ഗുരുതരമായ പരിക്കേറ്റു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള സൈനിക പോസ്റ്റുകള്‍ക്കുനേരെയാണ് പാക് സൈനികര്‍ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പാക് വെടിവെപ്പ്. ഇന്ത്യന്‍ സൈനികര്‍ ശക്തമായ തിരിച്ചടി നല്‍കിയതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ ആയിരുന്നു പാക് സൈനികരുടെ പ്രകോപനം. ജഗ്റാം സിങ് തോമര്‍ (42) എന്ന സൈനികനാണ് വീരമൃത്യു വരിച്ചതെന്ന് എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് സ്വദേശിയാണ് അദ്ദേഹം. ശനിയാഴ്ച മാത്രം രണ്ട് തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.