മനുഷ്യത്വമില്ലാത്തവരാണ് കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തത് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്

181

ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവാത്തവര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സര്‍വകക്ഷി സംഘത്തിലെ ഇടത് അംഗങ്ങളുടെ ചര്‍ച്ചാ ശ്രമങ്ങളോട് വിഘടനവാദികള്‍ മുഖംതിരിച്ച നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരിലെ സമാധാനത്തിന് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി്.കശ്മീരില്‍ സമാധാനശ്രമങ്ങളുമായി എത്തിയ സര്‍വകക്ഷി സംഘം മടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി വിഘടന വാദികളുടെ നടപടിക്കെതിരെ രംഗത്തെത്തിയത്.ഇടത് നേതാക്കളുടെ ശ്രമത്തിന് അനുകൂലമായോ പ്രതികൂലമായോ സംഘത്തലവനെന്ന നിലയില്‍ രാജ്നാഥ് നിലപാടെടുത്തിരുന്നില്ല.
എന്നാല്‍ പത്രസമ്മേളനത്തില്‍ സംഘാംഗങ്ങള്‍ക്ക് നേരെ വാതിലടച്ച വിഘടനവാദികളുടെ നടപടിയെ അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നടപടി കശ്മീരിയത്തിനും ഇന്‍സാനിയത്തിനും (മനുഷ്യത്വം) എതിരാണെന്ന് രാജ്നാഥ് പറഞ്ഞു.കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് ആരുമായും ഏതു തരത്തിലുള്ള ചര്‍ച്ചയ്ക്കും തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ കാലത്തും തുറന്നിട്ടിരിക്കുകയാണെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.കശ്മീര്‍ താഴ്വരയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി യോജിച്ച്‌ സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കശ്മീര്‍ എന്നും ഇന്ത്യയുടെ ഭാഗമായിരുന്നെന്നും ഇനിയും അങ്ങനെതന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ കശ്മീരില്‍ എത്തിയപ്പോള്‍ പെല്ലറ്റ് തോക്കുകള്‍ക്ക് മൂന്ന് മാസത്തിനകം ബദല്‍മാര്‍ഗം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. പറഞ്ഞ സമയത്തിനു മുമ്ബു തന്നെ വാഗ്ദാനം നിറവേറ്റിയിട്ടുണ്ട്. ഇനിമുതല്‍ മുളക് പൊടി ഉപയോഗിക്കുന്ന പാവ ഷെല്ലുകളാകും കശ്മീരില്‍ ഉപയോഗിക്കുക -രാജ്നാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.കശ്മീരിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സര്‍വകക്ഷി സംഘം ഇന്ന് മടങ്ങും. ഇന്നലെയാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള മുപ്പതംഗ സംഘം കശ്മീരില്‍ എത്തിയത്. സംഘം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ളയും ഉള്‍പ്പെടെ കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി ചര്‍ച്ച നടത്തി.ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ സംഘര്‍ഷാവസ്ഥയിലായത്. ജൂലൈ മുതല്‍ ഉണ്ടായ സംഘര്‍ഷങ്ങളില്‍ എഴുപതിലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷങ്ങളെ തുടര്‍ന്ന് അമ്ബതു ദിവസത്തിലേറെ കശ്മീരില്‍ നിരോധനാജ്ഞ നിലനിന്നിരുന്നു.

NO COMMENTS

LEAVE A REPLY