കശ്മീരിലെ വിഘടനവാദി നേതാക്കളോടുള്ള നിലപാട് കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

209

ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദി നേതാക്കളോടുള്ള നിലപാട് കടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് സൂചന.കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി സംഘത്തെ കാണാന്‍ ഹുറീയത് നേതാക്കള്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് നീക്കം. വിഘടനവാദി നേതാക്കള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സുരക്ഷ കുറയ്ക്കാനും അവരുടെ വിദേശയാത്രകള്‍ ദുഷ്കരമാക്കുന്ന നടപടികള്‍ സ്വീകരിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.പാസ്പോര്‍ട്ട് പിന്‍വലിക്കുകയും യാത്രാരേഖകള്‍ നിഷേധിക്കുകയും ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന.ഇവയ്ക്ക് പുറമെ വിഘടനവാദി നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനും അവര്‍ക്കെതിരെ നിലവിലുള്ള അന്വേഷണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും നീക്കമുണ്ടെന്നാണ് സൂചന. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഉണ്ടായതിന് സമാനമായ അക്രമങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കശ്മീര്‍ സന്ദര്‍ശനം നടത്തിയ സര്‍വകക്ഷി സംഘത്തിന്റെ യോഗം നാളെ ചേരുന്നുണ്ട്. യോഗത്തിനുശേഷം ഉന്നതതല കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയെ ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കൂവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിലെ അംഗങ്ങളില്‍ ചിലര്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും അവര്‍ അനുമതി നിഷേധിച്ചിരുന്നു. സീതാറാം യെച്ചൂരി (സി.പി.എം), ശരദ് യാദവ് (ജെ.ഡി.യു), ജെയ്പ്രകാശ് നാരായണ്‍ യാദവ് (ആര്‍.ജെ.ഡി) അസദുദ്ദീന്‍ ഒവൈസി (എ.ഐ.എം.ഐ.എം) എ രാജ (സി.പി.ഐ) തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചത്.

NO COMMENTS

LEAVE A REPLY