ന്യൂഡല്‍ഹി: മാസങ്ങളായി ജമ്മുകശ്മീരില്‍ തുടരുന്ന സംഘര്‍ഷം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍വകക്ഷി സംഘത്തിന്റെ വിലയിരുത്തല്‍.ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ജമ്മു-കശ്മീര്‍ സര്‍ക്കാരിനെതിരായ വികാരം ഉയര്‍ന്നത്. കശ്മീരിലെ രാഷ്ട്രിയ നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായതായും യോഗം വിലയിരുത്തി.സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സഹായം നല്‍കണം, പെല്ലറ്റ് തോക്കിന്റെ ഉപയോഗം കുറയ്ക്കണം, സൈന്യത്തിന്റെ അമിത സാന്നിധ്യം കുറയ്ക്കണം എന്നീ കാര്യങ്ങളും സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.20 പാര്‍ട്ടികളില്‍ നിന്നുള്ള 26 ജനപ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതിയിലാണ് യോഗം .ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സര്‍വകക്ഷി സംഘം കശ്മീര്‍ സന്ദര്‍ശിച്ചത്. വിഘടനവാദികളുമായി ചര്‍ച്ചനടത്താന്‍ സംഘം ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല.