ശ്രീനഗര്‍ • കശ്മീരില്‍ അക്രമം തുടരുന്നു. കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരാക്രമണത്തില്‍ ഇന്നലെ രണ്ടു സൈനികര്‍ക്കു പരുക്ക്. സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍ വെടിവച്ചതിനെ തുടര്‍ന്നാണു സൈനികര്‍ക്കു പരുക്കേറ്റത്.ഇതേസമയം, കശ്മീരില്‍ സൈനികമേധാവി ജനറല്‍ ദല്‍ബീര്‍സിങ് സുഹാഗ് ഉടനെ സന്ദര്‍ശനം നടത്തുന്നില്ലെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹം ഇന്നലെ കശ്മീരില്‍ എത്തുമെന്നായിരുന്നു നേരത്തേ സൂചന.വെടിവയ്പിനുശേഷം ഭീകരര്‍ കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍നിന്നു പലായനം ചെയ്തതിനാല്‍ സൈനികര്‍ക്ക് അവരെ പിടികൂടാനായില്ല. അവരെ കണ്ടെത്താനായി ഈ മേഖലയില്‍ തിരച്ചില്‍ തുടരുന്നു. ഇതിനിടെ, അനന്ത്നാഗ് ജില്ലയില്‍ പ്രതിഷേധക്കാരും സുരക്ഷാസൈനികരും തമ്മില്‍ ഇന്നലെ ഏറ്റുമുട്ടി.
സൈനികര്‍ പെല്ലറ്റ് തോക്കുകളും കണ്ണീര്‍വാതക ഷെല്ലുകളും ഉപയോഗിച്ചു പ്രക്ഷോഭകരെ നേരിട്ടതിനെ തുടര്‍ന്നു നാലുപേര്‍ക്കു പരുക്കേറ്റു. കശ്മീരില്‍ ഇപ്പോള്‍ ഒരു സ്ഥലത്തും നിശാനിയമം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ശ്രീനഗറില്‍ ഒഴിച്ച് ബാക്കി എല്ലായിടത്തും ആളുകള്‍ സംഘം ചേരുന്നതിനു വിലക്കുണ്ട്.
വിഘടനവാദികള്‍ പലസ്ഥലത്തും ബന്ദും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുള്ളതുകൊണ്ട് കശ്മീര്‍ താഴ്വരയില്‍ പലയിടത്തും സാധാരണജീവിതം തടസ്സപ്പെട്ടിട്ടുണ്ട്.