ശ്രീനഗര്‍ : കശ്മീരിലെ അനന്ത്നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളില്‍ മൂന്നിടത്തായുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ഷോപിയാനിലെ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികരാണ് വീരമൃത്യു വരിച്ചത്. എട്ടു ഭീകരര്‍ കൊല്ലപ്പെട്ടതായും ജമ്മു-കശ്മീര്‍ ഡിജിപി എസ്.പി. വൈദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുബൈര്‍ അഹമ്മദ്, ഇഷ്‌ഹാഖ് അഹമ്മദ് മാലിക്ക്, യാവര്‍ ഇട്ടൂ, നാസിം അഹമ്മദ്, ആദില്‍ അഹമ്മദ്, ഉബൈദ് അഹമ്മദ്, റിയാസ് അഹമ്മദ് എന്നിവരാണു ഷോപിയാനില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ടു പേര്‍ ഇരുപത്തിരണ്ടുകാരനായ ലഫ്. ഉമ്മര്‍ ഫയസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. രണ്ട് സാധാരണക്കാര്‍ക്കും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. ഇതില്‍ ഒരാള്‍ ദ്രാഗഡില്‍ നിന്നും മറ്റൊരാള്‍ കഛ്ദൂരയില്‍നിന്നുമുള്ളവരാണ്. 25 ഓളം സാധാരണക്കാര്‍ക്ക് പെല്ലറ്റു കൊണ്ട് മുറിവേറ്റിട്ടുണ്ട്. ആറുപേര്‍ക്ക് ബുള്ളറ്റു കൊണ്ടും പരിക്കേറ്റിട്ടുള്ളതായി വൈദ് കൂട്ടിച്ചേര്‍ത്തു. രണ്ടിടങ്ങളില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. മൂന്നാമത്തെ ഇടമായ കഛ്ദൂരയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് മേധാവി പറഞ്ഞു.