ന്യൂഡല്‍ഹി • . ഒരാഴ്ചയ്ക്കുള്ളില്‍ ജമ്മു കശ്മീരില്‍ സാധാരണ ജീവിതം തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. യുവാക്കളെ സംഘര്‍ഷങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുന്ന ഒരു വിഭാഗം ആളുകള്‍ കശ്മീരിലുണ്ട്. ഇവരെ പിടികൂടാനാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശമെന്നാണ് സൂചന. കശ്മീരില്‍ അസ്വസ്ഥതകള്‍ തുടരുന്നതിനിടെ, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു.താഴ്‍വരയിലെ ഇപ്പോഴത്തെ അവസ്ഥ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലെ ജനജീവിതം സാധാരണഗതിയില്‍ ആക്കണമെന്ന് രാജ്നാഥ്സിങ് സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തില്‍ നിര്‍ദേശം നല്‍കി. നിയന്ത്രണരേഖയില്‍ ഇന്നലെ മൂന്നു നുഴഞ്ഞുകയറ്റശ്രമങ്ങള്‍ സൈന്യം തകര്‍ക്കുകയും നാലു ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. പൂഞ്ചില്‍ ഇരട്ട ഏറ്റുമുട്ടലില്‍ പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തതിനും പിന്നാലെയാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്.ജൂലൈ എട്ടിന് സൈനിക നടപടിക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ 65 ദിവസമായി പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായി. 75 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം സമാധാന ചര്‍ച്ചകള്‍ക്കായി കശ്മീരില്‍ എത്തിയെങ്കിലും വിഘടനവാദികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്തുനിന്നും മോശം പ്രതികരണമായിരുന്നു ലഭിച്ചത്.