ശ്രീനഗര്‍• ജമ്മു കശ്മീരിലെ ഹര്‍വനില്‍ പതിനഞ്ചു വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പ്രതിഷേധം വീണ്ടും കനത്തു. ഇന്നലെ വൈകിട്ട് പ്രതിഷേധക്കാര്‍ക്കെതിരെ പെല്ലറ്റ് തോക്കുപയോഗിച്ചിരുന്നു. ഇതിനിടെയാണ് മൊമിന്‍ അത്ലഫ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് മൊമിന്റെ മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ ദൂരെ നിന്നാണ് പെല്ലറ്റ് തോക്ക് ഉപയോഗിച്ചതെന്നും അതു മരണകാരണമാകില്ലെന്നുമാണ് സുരക്ഷാസേനയുടെ നിലപാട്. അതേസമയം, മൊമിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരിലെ സംഘര്‍ഷം കൂടുതല്‍ ശക്തമായി. ഇവിടേക്ക് കൂടുതല്‍ സേനയെ നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധം കനത്തതോടെ ഹര്‍വാന്‍ മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഈയാഴ്ച ആദ്യം സുരക്ഷസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.ജൂലൈയില്‍ സൈനിക നടപടിക്കിടെ ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 85 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.