ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോക ശ്രദ്ധയില്‍ എത്തിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍

186

ജനീവ • ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോക ശ്രദ്ധയില്‍ എത്തിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍. ബലൂചിസ്ഥാന്‍ വിഷയത്തെക്കുറിച്ച്‌ ഇനിയും സംസാരിച്ചാല്‍ കശ്മീരിലും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച്‌ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുമെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. പാക്ക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും മനുഷ്യാവകാശ ലംഘനം നടത്തുന്ന പാക്കിസ്ഥാനെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ടു യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യ നടത്തിയ പ്രതികരണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രസ്താവന.ജമ്മു കശ്മീരില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ബലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നിലപാടിനെയും പാക്കിസ്ഥാന്‍ വിമര്‍ശിച്ചു. ബലൂചിസ്ഥാന്‍ വിഷയത്തിലുള്ള ഇന്ത്യയുടെ അനാവശ്യ ഇടപെടലിനെയും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ പാക്ക് പ്രതിനിധി സംഘം കുറ്റപ്പെടുത്തി.അടുത്തിടെ ഒരു പിഡിപി എംപി നടത്തിയ പ്രസ്താവനയിലേക്കും പാക്കിസ്ഥാന്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ശ്രദ്ധക്ഷണിച്ചു. കശ്മീരില്‍ ഇന്ത്യ നടത്തുന്ന സൈനിക ഇടപടെല്‍ ഹിറ്റ്ലറിന്റെ നാസി പടയാളികള്‍ നടത്തുന്നതിലും ക്രൂരമാണെന്നായിരുന്നു എംപിയുടെ വിമര്‍ശനമെന്നും പാക്കിസ്ഥാന്‍ ആരോപിക്കുന്നു.കഴിഞ്ഞ ദിവസമാണ് ബലൂചിസ്ഥാന്‍ പ്രശ്നം ഇന്ത്യ യുഎന്‍ സമിതിയില്‍ ഉന്നയിച്ചത്. ആദ്യമായാണ് ഇന്ത്യ ബലൂചിസ്ഥാന്‍ വിഷയം യുഎന്‍ സമിതിയില്‍ ഉന്നയിച്ചതെന്നും ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയ്ക്ക് മറുപടിയെന്നോണം കശ്മീര്‍ വിഷയം വീണ്ടും പാക്കിസ്ഥാന്‍ ഉയര്‍ത്തിയത്. അതിര്‍ത്തി കടന്നു പാക്കിസ്ഥാന്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനമാണ് കശ്മീരിലെ പ്രശ്നങ്ങള്‍ക്കു പ്രധാന കാരണം. 1989 മുതല്‍ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും പാക്കിസ്ഥാന്‍ തുറന്ന പിന്തുണയാണ് നല്‍കിവരുന്നതെന്നും മനുഷ്യാവകാശങ്ങളുടെ പേരില്‍ ആശങ്ക ഉയര്‍ത്തി, സ്വന്തം അതിര്‍ത്തിമോഹത്തെയും സര്‍ക്കാര്‍ അനുമതിയോടെയുള്ള ഭീകരപ്രവര്‍ത്തനത്തെയും മറച്ചുപിടിക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു.

NO COMMENTS

LEAVE A REPLY