കശ്മീര്‍ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

164

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 17 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആസ്ഥാനത്ത് പ്രവേശിച്ച നാലു ഭീകരരെയും സൈന്യം വധിച്ചു.അഞ്ചു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ എത്തിയതായി സൂചനയുണ്ട്. ഇവര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്.ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ആക്രമണം തുടങ്ങിയത്. പ്രദേശത്തെ മറ്റ് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് വന്‍ ശബ്ദത്തോടെ സ്ഫോടനങ്ങള്‍ നടന്നതായും എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ചാവേര്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൈനികവൃത്തങ്ങള്‍ നല്‍കുന്ന സൂചന.ജനവരിയില്‍ പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ഉണ്ടായതിനേക്കാള്‍ ഭീകരമായ ആക്രമണമാണ് ഇന്നുണ്ടായത്.സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇന്ന് കശ്മീരിലെത്തും. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നടത്താനിരുന്ന റഷ്യ, യുഎസ് സന്ദര്‍ശനം നീട്ടിവെച്ചു. ആഭ്യന്തര മന്ത്രാലയം ഉന്നത തല യോഗവും വിളിച്ചിട്ടുണ്ട്.ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ ആഭ്യന്തര സെക്രട്ടറിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കശ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും സംസാരിച്ചതായും രാജ്നാഥ് സിങ് അറിയിച്ചു.

NO COMMENTS

LEAVE A REPLY