പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ ഇന്ത്യ ആക്രമിച്ചേക്കും

207

ന്യൂഡല്‍ഹി• രാജ്യത്തെ ഞെട്ടിച്ച ഉറി ഭീകരാക്രമണത്തിന് പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്നാഥ് വിളിച്ച ഉന്നതതല യോഗം സമാപിച്ചു. പ്രധാനമന്ത്രി മോദി മുതിര്‍ന്ന മന്ത്രിമാരും കരസേനമേധവിയുമായും കൂടിക്കാഴ്ച നടത്തുകയാണ്. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച. തുടര്‍ നടപടികള്‍ എന്താകുമെന്ന കാര്യം ഈ യോഗത്തില്‍ തീരുമാനിക്കും.അതിനിടെ, പാക്ക് അധീന കശ്മീരിലെ ഭീകരക്യാംപുകള്‍ ഇന്ത്യ ആക്രമിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത്തരം അഭിപ്രായം ഉയര്‍ന്നത്.ഇനി സംയമനം പാലിക്കേണ്ടതില്ലെന്ന് വിലയിരുത്തല്‍. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യയുടെ ഭാഗത്തുനിന്നു ശക്തമായ തിരിച്ചടികളൊന്നും ഉണ്ടായിട്ടില്ല. പാക്ക് അധിനിവേശ കശ്മീരിലെ ക്യാംപുകളിലാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത് എന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. അതിനാലാണ് പാക്ക് അധിനിവേശ കശ്മീരിലെ ഭീകരക്യാംപുകളെ ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.അതേസമയം, വികാരത്തിന്റെ പേരില്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര സഹമന്ത്രി ജനറല്‍ വി.കെ. സിങ് പറഞ്ഞു. വികാരത്തിനടിമപ്പെടരുതെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവും പ്രതികരിച്ചു. അതിനിടെ, വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 20 ആയെന്ന വാര്‍ത്ത പ്രതിരോധ മന്ത്രാലയം തിരുത്തി. മൂന്നു സൈനികര്‍ കൂടി മരിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ഞായറാഴ്ച പുലര്‍ച്ചെയാണ് പാക്കിസ്ഥാന്‍ ആസ്ഥാനമാക്കിയ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയത്. 17 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടാരങ്ങള്‍ക്കു തീപിടിച്ചാണ് സൈനികരിലേറെയും മരിച്ചത്. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഠാന്‍കോട്ട് വ്യോമസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തോടെ ഇന്ത്യ – പാക്ക് ബന്ധം വഷളായിരുന്നു. തുടര്‍ന്നു ലഷ്കറെ തയിബ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ മരണത്തോടെ കശ്മീര്‍ താഴ്വരയിലെ പ്രശ്നങ്ങളും ബലുചിസ്ഥാന്‍ വിഷയവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താറുമാറാക്കി. ഇതിനിടെയാണ് കശ്മീരിലെ ഉറിയില്‍ പാക്ക് ഭീകരര്‍ ഇന്ത്യന്‍ സേനാ താവളം ആക്രമിച്ചത്.

NO COMMENTS

LEAVE A REPLY