ശ്രീനഗര്‍ • കശ്മീരില്‍ ശ്രീനഗറിലെ ആറു പൊലീസ് സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലൊഴിച്ച് ബാക്കി എല്ലായിടത്തുനിന്നും നിശാനിയമം പിന്‍വലിച്ചു. ഷോപ്പിയാന്‍, സോപോര്‍ എന്നിവിടങ്ങളില്‍ സുരക്ഷാസേനയ്ക്കുനേരെ ഒറ്റപ്പെട്ട കല്ലേറുകള്‍ ഉണ്ടായതൊഴിച്ചാല്‍ താഴ്വരയില്‍ ഇന്നലെ പൊതുവെ സ്ഥിതിഗതികള്‍ ശാന്തമായിരുന്നു.എന്നാല്‍ ഇന്നലെയും കശ്മീരില്‍ ജനജീവിതം സാധാരണനിലയിലേക്കു വന്നില്ല. വിഘടനവാദികള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധസമരം നാളെ വരെ നീട്ടി. ഇന്നു വനിതാ ദിനമായി ആചരിക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കശ്മീരില്‍ 144 പ്രഖ്യാപിച്ചിരിക്കുന്നതു തുടരാന്‍ അധികൃതര്‍ തീരുമാനിച്ചു.
കടകമ്ബോളങ്ങളും പെട്രോള്‍ പമ്ബും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും റദ്ദു ചെയ്തിരിക്കുന്നു. ജൂലൈ എട്ടിന് പ്രശ്നങ്ങള്‍ ആരംഭിച്ചതില്‍ പിന്നെ രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ ഇതുവരെ 81പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്.