ജമ്മു • പാക്കിസ്ഥാന്‍കാരായ മൂന്നു ഭീകരര്‍ ജമ്മു കശ്മീരില്‍ അറസ്റ്റിലായി. ലഷ്കര്‍ ഭീകരന്‍ അബ്ദുല്‍ ഖയ്യൂമിനെ (32) ജമ്മുവിലെ രാജ്യാന്തര അതിര്‍ത്തി കടക്കുന്നതിനിടെയാണ് അതിര്‍ത്തിരക്ഷാ സേന അറസ്റ്റ് ചെയ്തത്. ജയ്ഷെ മുഹമ്മദിനു വേണ്ടി പ്രവര്‍ത്തിക്കുന്ന പാക്ക് അധീന കശ്മീരില്‍ നിന്നുള്ള അഹസന്‍ ഖുര്‍ഷീദ്, പോത്ത ജഹാന്‍ഗിര്‍ സ്വദേശിയായ ഫൈസല്‍ ഹുസൈന്‍ അവാന്‍ എന്നിവര്‍ കശ്മീരിലെ ഉറിയില്‍ പിടിയിലായി.അഖ്നൂര്‍ മേഖലയിലെ പ്രാഗ്വാല്‍ സെക്ടറിലാണ് ഖയ്യൂം പിടിയിലായത്. സിയാല്‍കോട്ട് ജില്ലയിലെ പുല്‍ ബാജ്വാന്‍ ഗ്രാമത്തില്‍ ഫാഗ് അലിയുടെ മകനാണു താനെന്ന് ഖയ്യൂം ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി ബിഎസ്‌എഫ് ഡിഐജി ധര്‍മീന്ദര്‍ പരീഖ് പറഞ്ഞു.സൈന്യവും അതിര്‍ത്തിരക്ഷാ സേനയും യോജിച്ചു നടത്തിയ നീക്കത്തിലാണ് അഹസന്‍ ഖുര്‍ഷീദ്, ഫൈസല്‍ ഹുസൈന്‍ അവാന്‍ എന്നിവര്‍ പിടിയിലായത്. അബ്ദുല്‍ ഖയ്യൂമിന്റെ കയ്യില്‍നിന്ന് ഇരട്ട സിം ഉള്ള മൊബൈല്‍ പിടിച്ചെടുത്തിട്ടുണ്ട്. 2004ല്‍ പാക്ക് അധീന കശ്മീരിലെ മുസാഫറാബാദില്‍ ലഷ്കര്‍ പരിശീലന ക്യാംപില്‍ പങ്കെടുത്തിട്ടുള്ളയാളാണ് ഖയ്യൂം.പരിശീലനത്തിനു ശേഷം ലഷ്കറെ തയിബയ്ക്കു വേണ്ടി ലഘുലേഖകള്‍ വിതരണം ചെയ്യുകയും പണപ്പിരിവ് നടത്തുകയുമായിരുന്നു ദൗത്യം. ഇതിനകം 50 ലക്ഷം രൂപ സമാഹരിച്ച് മറ്റൊരു ലഷ്കര്‍ പ്രവര്‍ത്തകനായ അമിര്‍ മുജാഹിദ് ഭട്ടിനെ ഏല്‍പ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലുള്ള ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇയാള്‍ക്ക് നല്ല അറിവുണ്ടെന്നു ഡിഐജി പറഞ്ഞു.