ശ്രീനഗര്‍ • ദക്ഷിണ കശ്മീരിലെ കുല്‍ഗം ജില്ലയില്‍ ഭീകരരുടെ കൈബോംബ് ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫ് ഭടന്മാര്ക്കു പരുക്കേറ്റു. അക്രമികള്‍ക്കായി സുരക്ഷാസേന തിരച്ചില്‍ വ്യാപകമാക്കി. ഇതിനിടെ, മൂന്നു വിഘടനവാദികളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള പ്രതിഷേധം കിഷ്ത്വര്‍ ജില്ലയില്‍ ഇന്നലെ സേനയ്ക്കു നേരെയുള്ള കല്ലേറില്‍ കലാശിച്ചു.തുടര്‍ന്നു ജില്ലയില്‍ നിശാനിയമം ഏര്‍പ്പെടുത്തി. കല്ലേറിനും കുഴപ്പങ്ങള്‍ക്കും നേതൃത്വംനല്‍കിയ ഒരാളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മൂന്നു വിഘടനവാദി നേതാക്കളെ ശനിയാഴ്ചയാണു പിടികൂടിയത്. ഇവര്‍ക്കെതിരെ സമാധാനം ഭഞ്ജിക്കാന്‍ ശ്രമിച്ചതിനു കേസെടുത്തിട്ടുണ്ട്. അറസ്റ്റില്‍ പ്രതിഷേധിച്ചു ജില്ലയിലെ ഡോഡ, ഭദേര്വാഹ് പട്ടണങ്ങളില്‍ വിഘടനവാദികള്‍ ആഹ്വാനം ചെയ്ത ബന്ദ് ഭാഗികമായിരുന്നു.സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും പതിവുപോലെ പ്രവര്‍ത്തിച്ചു. എന്നാല്‍, കടകമ്ബോളങ്ങളും സ്കൂളുകളും അടഞ്ഞുകിടന്നു.