ഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ സൈനിക നടപടിക്ക് പിന്നാലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ മുന്നൊരുക്കങ്ങള്‍. ഗുജറാത്ത് മുതല്‍ ജമ്മു വരെ നീണ്ടുകിടക്കുന്ന ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ബിഎസ്‌എഫ് സുരക്ഷ ശക്തമാക്കി.അവധിയില്‍ പോയ മുഴുവന്‍ ജവാന്‍മാരോടും എത്രയും പെട്ടെന്ന് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ബിഎസ്‌എഫ് ആവശ്യപ്പെട്ടിട്ടു.അടിയന്തര സാഹചര്യം മുന്നില്‍കണ്ട് വന്‍ തയ്യാറെടുപ്പുകളാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടക്കുന്നത്. പഠാന്‍കോട്ടിലെ ആസ്പത്രികളില്‍ എമര്‍ജന്‍സി വാര്‍ഡുകള്‍ പ്രവര്‍ത്തസജ്ജമാക്കിയിട്ടുണ്ട്.സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. അതിര്‍ത്തിയുടെ പത്ത് കി.മീ ചുറ്റളവിലുള്ള സ്കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അവധി പ്രഖ്യാപിച്ചു. ജമ്മു-കശ്മീരിലെ അതിര്‍ത്തി മേഖലകളിലും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.
പഞ്ചാബില്‍ ഫിറോസെപുര്‍, ഫസില്‍ക, അമൃത്സര്‍, ട്രാന്‍ തരണ്‍, ഗുരുദാസ്പുര്‍, പഠാന്‍കോട്ട് എന്നീ ആറു ജില്ലകളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിക്കുന്നത്.താല്‍ക്കാലിക ക്യാമ്ബുകളിലാണ് ഒഴിപ്പിച്ചവരെ താമസിപ്പിക്കുന്നത്. മന്ത്രിമാരോടും നിയമസഭാംഗങ്ങളോടും ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ബാദല്‍ ആവശ്യപ്പെട്ടു.അടിയന്തര ധനസഹായമായി ഓരോ ജില്ലയ്ക്കും ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.
കശ്മീരിലെ ഉറി കേന്ദ്രീകരിച്ചാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെയാണ് ഇവിടുത്തെ ഒഴിപ്പിക്കല്‍.1965, 1971 വര്‍ഷങ്ങളിലെ ഇന്ത്യ-പാക് യുദ്ധങ്ങളില്‍ ഏറ്റവും കനത്ത പോരാട്ടമുണ്ടായത് പഞ്ചാബ് പ്രവിശ്യയിലായിരുന്നു. പാകിസ്താനുമായി 553 കിമീ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് പഞ്ചാബ് പങ്കിടുന്നത്.