കശ്മീരില്‍ ഏഴു ഭീകരരെ സൈന്യം വധിച്ചു

188

ശ്രീനഗര്‍ • ഇന്ത്യന്‍ സൈനിക ക്യാംപിനു നേരെ ആക്രമണം നടത്തിയ മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ അടക്കം ഏഴുപേരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. അതിര്‍ത്തി ജില്ലയായ കുപ്വാരയിലായിരുന്നു സൈനിക ക്യാംപിനു നേരെ വെടിവയ്പുണ്ടായത്. ഇതിനു പുറമേ അതിര്‍ത്തിയിലെ മൂന്നു നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വിഫലമാക്കിയ സൈന്യം നാലു ഭീകരരെ വധിച്ചു.
കുപ്വാരയിലെ ലാന്‍ഗേറ്റിലെ സൈനിക താവളത്തിലേക്കു പുലര്‍ച്ചെ അഞ്ചുമണിയോടെയാണു മൂന്നു ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്നു സൈന്യം നടത്തിയ തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ രാജീവ് ശാരംഗ് പറഞ്ഞു. ഇവരില്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും അടക്കം വന്‍തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

മൂന്നു ജിപിഎസും മൂന്നു മൊബൈല്‍ ഫോണുകളും തിരകളും മരുന്നുകളും മൃതദേഹങ്ങളില്‍ നിന്നു കണ്ടെടുത്തു. മരുന്നുകളിലെ പാക്കിസ്ഥാന്‍ മുദ്ര ഇവര്‍ പാക്കിസ്ഥാന്‍ സ്വദേശികള്‍ ആണെന്നു തെളിയിക്കുന്നതായി കേണല്‍ രാജീവ് ശാരംഗ് പറഞ്ഞു.
ഇവരില്‍ നിന്നു കണ്ടെടുത്ത ഭൂപടങ്ങളും മറ്റും പരിശോധിച്ചുവരികയാണ്. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നതായും സൈന്യം കരുതുന്നു. ഇവരെ കണ്ടെത്താന്‍ കൂടുതല്‍ തിരച്ചിലുകള്‍ നടത്തിവരികയാണ്. മരുന്നുകളും ഉണക്കിയ പഴങ്ങളും പിടിച്ചെടുത്തതില്‍ നിന്ന് ഇവര്‍ ദീര്‍ഘകാല പദ്ധതികളുമായാണ് എത്തിയതെന്നു സൂചിപ്പിക്കുന്നു. പാക്ക് അധിനിവേശ കശ്മീരില്‍ നിന്നുള്ള മൂന്നു നുഴഞ്ഞുകയറ്റങ്ങളാണു സൈന്യം വിഫലമാക്കിയത്. രണ്ടെണ്ണം നൗഗാം സെക്ടറിലും ഒന്ന് റാംപുരിലുമായിരുന്നു.
ഇതില്‍ നൗഗാമിലാണു നാലു ഭീകരരെ വധിച്ചത്. കൂടുതല്‍ ഭീകരര്‍ എത്തിയിട്ടുണ്ടാകാമെന്ന സംശയത്താല്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നൂറോളം ഭീകരരെ നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് സൈന്യം എത്തിച്ചതായി ഇന്ത്യയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതിക്കു മുന്നില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 29നു പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ക്യാംപുകളില്‍ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിനു പകരംചോദിക്കാനാണ് ഇവരെ എത്തിച്ചതെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിക്കു മുന്നില്‍ ഡോവല്‍ പറഞ്ഞത്.

NO COMMENTS

LEAVE A REPLY