ശ്രീനഗര്‍: കശ്മീരിലെ പാംപോറില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. തുടര്‍ച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്ന എന്‍റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്‍റ് ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടത്തിലേക്ക് സൈന്യം ഗ്രനേഡ് പ്രയോഗിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായും രണ്ടു ഭീകരര്‍ കെട്ടിടത്തിനുള്ളിലുണ്ടെന്നുമാണ് സൈന്യത്തിന്‍റെ വിലയിരുത്തല്‍.ഗ്രനേഡ് പ്രയോഗത്തെ തുടര്‍ന്ന് കെട്ടിടം പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഏത് വിധേനെയും ഭീകരരെ വധിക്കാനും കീഴടക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ സൈന്യം തുടരുകയാണ്. ആക്രമണത്തിലും വെടിവെയ്പ്പിലും കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെയാണ് സൈന്യം ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഹോസ്റ്റല്‍ റൂമില്‍ കടന്ന ഭീകരര്‍ തീയിടുകയും സൈന്യത്തിന് നേരെ വെടിവെയ്പ്പ് നടത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഒരു ജവാന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഝലം നദിയിലൂടെ ബോട്ടില്‍ പാംപോറില്‍ കടക്കുകയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏഴുനില കെട്ടിടത്തില്‍ കയറി ഒളിച്ചിരിക്കുകയുമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇവിടെ ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.